പെരുമ്പടപ്പ് വില്ലേജ് ഓഫിസ് നിർമാണം പുനരാരംഭിക്കും

Mail This Article
പെരുമ്പടപ്പ് ∙ യുഡിവൈഎഫിന്റെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച പെരുമ്പടപ്പ് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം പുനരാരംഭിക്കാൻ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനം. സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പൊളിച്ച മണ്ണ് സിപിഎം നേതാക്കൾക്ക് കരാറുകാരൻ നൽകി എന്ന് ആരോപിച്ച് യുഡിവൈഎഫ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി നിർമാണം നടക്കുന്ന സ്ഥലത്ത് കൊടി നാട്ടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് പുതിയ കെട്ടിടത്തിന്റെ നിർമാണം താൽക്കാലികമായി കാരാറുകാരൻ നിർത്തിയിരുന്നു.ഇന്നലെ രാവിലെ പൊന്നാനി തഹസിൽദാരുടെ നിർദേശ പ്രകാരം വില്ലേജ് ഓഫിസർ എസ്.രാജിയുടെ നേതൃത്വത്തിൽ യുഡിവൈഎഫ് ഭാരവാഹികളുമായി ചർച്ച നടത്തുകയും പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. നിർമാണ മേൽനോട്ടം വഹിക്കാൻ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു. കെ.പി.റാസിൽ, ദിൻഷാദ് പെരുമ്പടപ്പ്, സലീം ഗ്ലോബ്, ഉമ്മർ ആലുങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.