നീരോൽപാലം–കരുവണ്ടി റോഡ് നന്നാക്കുന്നു; റോഡ് തകർന്നത് ഭൂഗർഭ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ

Mail This Article
തേഞ്ഞിപ്പലം ∙ പെരുവള്ളൂർ പഞ്ചായത്തിലേയ്ക്ക് ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂഗർഭ പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുന്നതിനിടെ തകർന്ന നീരോൽപാലം–കരുവണ്ടി റോഡ് ക്വാറിപ്പൊടിയിട്ട് നന്നാക്കാൻ തുടങ്ങി. റോഡ് റീ ടാറിങ് നടത്താൻ പെരുവള്ളൂർ പഞ്ചായത്ത് ഇടപെട്ട് ടെൻഡർ നൽകിയതായിരുന്നു. എന്നാൽ മഴ കാരണം തുടങ്ങാനായില്ല. ഇതോടെ റോഡിലെ ചാലുകൾ ചെളിക്കുളമായി. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീമ യൂനസ് മേയ് 31ന് ബന്ധപ്പെട്ടവർക്ക് കത്ത് നൽകി ഇടപെടൽ നടത്തുകയായിരുന്നു.
പൊതുപ്രവർത്തകരായ കലാം ആലുങ്ങലും എൻ.വി.റഷീദും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. പി.അബ്ദുൽ ഹമീദ് എംഎൽഎ റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കാൻ ഇടപെട്ടു. മഴ കഴിഞ്ഞ ശേഷം റോഡ് റീ ടാറിങ് നടത്തും. നീരോൽപാലം– മുണ്ടക്കവളപ്പിൽ– കൊളങ്ങോട്ടുമാട് റോഡിൽ ഇരു വശങ്ങളിലെയും മതിൽ കാരണം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.