ഷൊർണൂർ–നിലമ്പൂർ രാത്രി ട്രെയിൻ 15 മിനിറ്റ് പിടിച്ചിട്ടു; നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസം

Mail This Article
പെരിന്തൽമണ്ണ ∙ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന രാത്രികാല ട്രെയിൻ ഇന്നലെ 15 മിനിറ്റോളം പിടിച്ചിട്ടത് ആശ്വാസമായത് നൂറുകണക്കിന് യാത്രക്കാർക്ക്. കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന് കണക്‌ഷൻ നൽകുന്നതിനായാണ് ട്രെയിൻ പിടിച്ചിട്ടത്. ഈ ട്രെയിനിൽ എത്തിയ നിലമ്പൂർ റൂട്ടിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ ഇറങ്ങേണ്ട നൂറു കണക്കിന് യാത്രക്കാർക്കാണ് അധികൃതരുടെ നടപടി ആശ്വാസം പകർന്നത്. പ്രായം ചെന്നവരും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഈ ട്രെയിനിൽ ഉണ്ടായിരുന്നു.
ട്രെയിൻ മാനേജർ നിലമ്പൂർ സ്വദേശി മൻസൂർ കാഞ്ഞിരമുറ്റത്തിന്റെ അവസരോചിത ഇടപെടലിന്റെ ഫലമായാണ് ട്രെയിൻ അൽപസമയം പിടിച്ചിട്ടത്. ഷൊർണൂരിൽ നിന്നുള്ള അവസാന നിലമ്പൂർ ട്രെയിൻ നിമിഷങ്ങൾ വൈകിയോടിയാൽ ഒട്ടേറെ യാത്രക്കാർക്കാണ് ഗുണം ലഭിക്കുന്നത്. കഴിഞ്ഞദിവസം മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. നിലവിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടേണ്ടത് രാത്രി 8.10ന് ആണ്. ഇതിനു തൊട്ടുപിന്നാലെ ഷൊർണൂരിലെത്തുന്ന ട്രെയിനുകളിലെത്തുന്ന ഒട്ടേറെപ്പേർ നിലമ്പൂർ ഭാഗത്തേക്ക് തുടർയാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്.
ആലപ്പുഴയിൽ നിന്ന് വരുന്ന കണ്ണൂർ എക്‌സ്പ്രസിൽ ഷൊർണൂരിൽ ഇറങ്ങുന്ന യാത്രക്കാരിൽ ഭൂരിഭാഗവും നിലമ്പൂരിലേക്ക് പോകേണ്ടവരാണ്. തിരുവനന്തപുരത്ത് നിന്നു കേരള എക്‌സ്പ്രസിലെ യാത്രക്കാരും ട്രെയിൻ മാറിക്കയറി കണ്ണൂർ എക്‌സ്പ്രസിലാണ് ഷൊർണൂരിലെത്തുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂരിലേക്ക് കണക്‌ക്ഷൻ ട്രെയിൻ ലഭിക്കാതെ ചിലർ റെയിൽവേ സ്‌റ്റേഷനിലിരുന്ന് നേരം വെളുപ്പിച്ച സാഹചര്യവും ഉണ്ടായിരുന്നു. ഔദ്യോഗിക റെയിൽവേ ടൈംടേബിൾ പ്രകാരം നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ സമയം 8.30 ആക്കി ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാണ്.