മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ കേസെടുത്തു
Mail This Article
എടക്കര∙ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ടു മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വഴിക്കടവ് കമ്പളക്കല്ല് സ്വദേശിയായ 25 വയസ്സുകാരനാണു മർദനത്തിനിരയായത്. ശനിയാഴ്ച രാവിലെ ഒൻപതിനു ബന്ധുവീട്ടിൽ പോയി തിരികെവരുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ചാർജ് തീർന്നതോടെ, ഇത് ചാർജ് ചെയ്യാനെത്തിയ വീട്ടിലെ താമസക്കാരനായ യുവാവും സുഹൃത്തുകളും ചേർന്നു മർദിച്ചെന്നാണു പരാതി.മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ പെരുമാറ്റം കണ്ടു തെറ്റിദ്ധരിച്ചാണ് ആദ്യം മർദിച്ചതെന്നും പിന്നീട് ഇക്കാര്യം മനസ്സിലാക്കിയിട്ടും സമീപത്തെ ഗ്രൗണ്ടിൽ കൊണ്ടുപോയി മർദിച്ചെന്നും യുവാവിന്റെ രക്ഷിതാക്കൾ പറയുന്നു. യുവാവിനെ നിലമ്പൂർ ഗവ.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ ചാർജ് ചെയ്യാൻ കയറിയ വീട്ടിലെ യുവാവിനും കണ്ടാലറിയാവുന്ന ഇയാളുടെ 2 സുഹൃത്തുക്കൾക്കും എതിരെ ഭിന്നശേഷിക്കാർക്കു നേരെയുള്ള അതിക്രമം തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അതേസമയം, വീട്ടിലെ 6 വയസ്സുള്ള കുട്ടിയോട് അതിക്രമം കാണിച്ചെന്ന പരാതിയിൽ, മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനു മർദനമേറ്റ സംഭവത്തിൽ, റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ സാമൂഹികനീതി ഓഫിസറോടു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രഥമവിവര റിപ്പോർട്ട് പ്രകാരം, ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ സഹായം തേടിച്ചെന്നപ്പോഴാണു യുവാവിനു മർദനമേറ്റത്.സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചാലുടൻ മറ്റു നടപടികൾ കൈക്കൊള്ളുന്നതും ആലോചിക്കുമെന്നു മന്ത്രി ബിന്ദു പറഞ്ഞു.