പൊളിച്ച റോഡുകൾ നന്നാക്കിയില്ല: വെളിയങ്കോട്ട് ദുരിതയാത്ര

Mail This Article
എരമംഗലം ∙ ജലജീവൻ അധികൃതർ റോഡ് നന്നാക്കുമെന്ന വാക്ക് പാലിച്ചില്ല. വെളിയങ്കോട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതമായി. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് പൈപ്പിടാൻ പൊളിച്ച റോഡുകളാണ് മഴ പെയ്തതോടെ തകർന്നുകിടക്കുന്നത്. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് ജൂലൈ മാസത്തിനുള്ളിൽ, പൊളിച്ച റോഡ് നന്നാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും നന്നാക്കിയില്ല. 18 വാർഡുകളിലും വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാർ യാത്രയ്ക്കായി കൂടുതൽ ആശ്രയിക്കുന്ന ഗ്രാമം-അയ്യോട്ടിച്ചിറ, താഴത്തേൽപടി-പെരുമുടിശ്ശേരി, ബീവിപ്പടി-ബീച്ച്, കളത്തിൽപ്പടി-കോടത്തൂർ, തണ്ണിത്തുറ, ചങ്ങാടം റോഡുകളാണ് തകർന്നുകിടക്കുന്നത്. റോഡിന്റെ വശങ്ങളിൽ നീളത്തിൽ കുഴികൾ രൂപപ്പെട്ടതോടെ നടന്നുപോകാൻ പോലും കഴിയുന്നില്ല. കുഴികളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്.