ക്വാറിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് സ്ഫോടനം; 3 പേർ അറസ്റ്റിൽ

Mail This Article
കൊണ്ടോട്ടി ∙ അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറിത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുറ്റത്ത് സ്ഫോടനമുണ്ടായ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് സ്വദേശി സുധീഷ് (39), കരിമ്പ സ്വദേശി ബിജു (41), കല്ലടിക്കോട് സ്വദേശി പൊന്നിച്ചൻ (61) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും ക്വാറിത്തൊഴിലാളികളാണ്. ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുറ്റത്താണ് സ്ഫോടനമുണ്ടായത്.തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ ജനൽച്ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു ശനിയാഴ്ച രാത്രി 9 മണിയോടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. .
ക്വാർട്ടേഴ്സിനുപുറത്ത് ചപ്പുചവറുകൾ കത്തിച്ചപ്പോൾ ക്വാറിയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളെന്തെങ്കിലും അതിൽ ഉൾപ്പെട്ടതാകാമെന്നാണ് നിഗമനം. മലപ്പുറത്തുനിന്നെത്തിയ ബോംബ് സ്ക്വാഡ്, ഫൊറൻസിക് പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. സിഐ എ.ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഉടൻ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റിലായവർ അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയതെന്നും സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ് എടുത്തതെന്നും പൊലീസ് പറഞ്ഞു.