പറന്നിറങ്ങുന്നത് മഴവെള്ളം!! കോഴിക്കോട് വിമാനത്താവളത്തിൽ സർവത്ര ചോർച്ച; നനഞ്ഞൊലിച്ച് യാത്രക്കാർ
Mail This Article
കരിപ്പൂർ ∙ മേൽക്കൂരയിലെ ചോർച്ച അടയ്ക്കാത്തതിനാൽ, രാജ്യാന്തര യാത്രക്കാർ കോഴിക്കോട് വിമാനത്താവളംവഴി യാത്ര ചെയ്യുന്നത് പലപ്പോഴും മഴ നനഞ്ഞ്. രാജ്യാന്തര പുറപ്പെടൽ ടെർമിനലിലേക്കുള്ള യാത്രക്കാർ വാഹനത്തിൽ വന്നിറങ്ങുന്ന ഭാഗത്താണ് കാര്യമായ ചോർച്ച. അപ്രതീക്ഷിതമായി മഴയെത്തുമ്പോൾ, ഈ ഭാഗത്തുള്ളവർക്ക് നനയാതെ യാത്ര ചെയ്യാനാകില്ല. ടെർമിനലിനോടു ചേർന്നുള്ള മേൽക്കൂരയ്ക്കു താഴെ വാഹനം നിർത്തുന്നവർ എയർപോർട്ട് അതോറിറ്റിയുടെ ‘കെണി’ പ്രതീക്ഷിക്കുന്നുമില്ല.
യാത്രക്കാർക്കു മഴയും വെയിലും ഏൽക്കാതിരിക്കാൻ ടെർമിനലിനു പുറത്ത് ഷീറ്റിട്ട് നിർമിച്ച കൂറ്റൻ മേൽക്കൂരയാണ് പലയിടത്തായി ചോർന്നൊലിക്കുന്നത്. വിമാനത്താവളത്തിലേക്കും തിരിച്ചും വാഹനം കയറാൻ യാത്രക്കാർ കാത്തുനിൽക്കുന്നത് ഈ മേൽക്കൂരയുടെ താഴെയാണ്. ഷീറ്റുകൾ തമ്മിൽ കൂട്ടിച്ചേർത്ത ഭാഗത്താണ് ചോർച്ച എന്നാണു കരുതുന്നത്. ടെർമിനലിനു മുകളിൽ വീഴുന്ന മഴവെള്ളം ഷീറ്റിനു മുകളിലൂടെ പരന്നൊഴുകി യാത്രക്കാരുടെ ദേഹത്തേക്കു പതിക്കുകയാണ്. മാത്രമല്ല, താഴെ വീഴുന്ന വെള്ളം പലയിടത്തും കെട്ടിക്കിടക്കുന്നുണ്ട്. അതിനാൽ, ലഗേജുമായി ട്രോളി, വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാത്തതിനാൽ ഒട്ടേറെപ്പേരാണ് പ്രയാസത്തിലാകുന്നത്.
ഇന്നലെ പുലർച്ചെ ഒരു മണിക്ക് ഖത്തറിലേക്കു പോകാനെത്തിയ യാത്രക്കാരി മഴ നനഞ്ഞാണ് ടെർമിനലിലെത്തിയതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. വാഹനം ഇറങ്ങിയപ്പോൾ മേൽക്കൂരയുടെ ചോർച്ചയിലൂടെ വെള്ളം ദേഹത്തേക്കു പതിക്കുകയായിരുന്നു. യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനും എത്തുന്നവരും മഴ നനയുന്നുണ്ട്. പഴയ ടെർമിനലിലാണ് രാജ്യാന്തര പുറപ്പെടൽ ഭാഗം. ഇവിടെ എത്തുന്നവർ കുട കയ്യിൽ കരുതേണ്ട അവസ്ഥയാണിപ്പോൾ.