ADVERTISEMENT

മലപ്പുറം ∙ 2023–24 സാമ്പത്തികവർഷത്തെ പദ്ധതികളുടെ ബില്ലിൽ ജില്ലാ പഞ്ചായത്തിന്റെ 48 കോടി രൂപ സർക്കാർ പിടിച്ചുവച്ചതു നിയമപരമായി നേരിടാൻ ഭരണസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷത്തെ തുകയും ഈ സാമ്പത്തിക വർഷത്തെ തുകയും അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഭരണസമിതി അംഗങ്ങൾ നേരിട്ടു കാണും. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണു തീരുമാനം. കോടതിച്ചെലവിനു ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലാത്തതിനാൽ ചെലവ് അംഗങ്ങൾ വഹിക്കും.

കഴിഞ്ഞ പദ്ധതിവർഷത്തിൽ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളാണു മാറിക്കിട്ടാനുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 3 മുതൽ ട്രഷറി നിരോധനം മൂലം ബില്ലുകൾ പാസാക്കി നൽകിയിരുന്നില്ല. മാ‍ർച്ച് മാസത്തിൽ, 5 ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ പാസാക്കാമെന്നു സർക്കാർ ഉത്തരവിട്ടു. എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ ഒരു പദ്ധതിക്കും 10 ലക്ഷത്തിൽ കുറഞ്ഞ ഫണ്ട് വയ്ക്കാനാവാത്തതിനാൽ ഒരു ബില്ലും മാറിക്കിട്ടാത്ത സാഹചര്യമാണുണ്ടായത്.

കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ ബില്ലുകൾ ഈവർഷം അനുവദിച്ചാൽ 9.6 കോടി രൂപയാണു ലഭിക്കുക. 38.4 കോടി രൂപ ജില്ലാ പഞ്ചായത്തിനു നഷ്ടപ്പെടും. ഈ തുകകൂടി ഉൾപ്പെടുത്തി 2024–25 സാമ്പത്തിക വർഷത്തെ ഫണ്ട് അനുവദിക്കണമെന്നാണു ഭരണസമിതിയുടെ ആവശ്യം. 2024–25 വർഷത്തെ വാർഷിക പദ്ധതികളുടെ അവലോകനം നടത്തി. 27നു ചേരുന്ന ആസൂത്രണസമിതി യോഗത്തിനു മുൻപു പദ്ധതികൾ തയാറാക്കി അംഗീകാരത്തിനു നൽകാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിച്ചു.

എ.പി.ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
മലപ്പുറം ∙ ജില്ലാ പഞ്ചായത്തംഗം എ.പി.ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ ഭരണസമിതി യോഗം അനുശോചിച്ചു. ജില്ലാ പഞ്ചായത്തംഗം പി.വി.മനാഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരസമിതി അധ്യക്ഷരായ എൻ.എ.കരീം, സറീന ഹസീബ്, ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.അഫ്സൽ, എ.കെ.സുബൈർ, ടി.പി.എം.ബഷീർ, വി.കെ.എം.ഷാഫി, ബഷീർ രണ്ടത്താണി, ഷെറോണ സാറ റോയ്, ശ്രീദേവി പ്രാക്കുന്ന്, വി.കെ.എം.ഷാഫി, കെ.ടി.അജ്മൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഭരണസമിതി യോഗം ചേരുന്നതിനു മുൻപു ജില്ലാ പഞ്ചായത്ത് ജീവനക്കാരും അംഗങ്ങളും അനുസ്മരണയോഗം ചേർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com