ADVERTISEMENT

മലപ്പുറം ∙ മോറിസ് കോയിൻ എന്ന വ്യാജ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്കാണ് പണം നഷ്ടമായത്. ഏറ്റവും കുറഞ്ഞത് 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ തോതിൽ 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പദ്ധതിയിൽ മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ സമാഹരിച്ചത്. 

തോട്ടം തൊഴിലാളികൾ, കർഷകർ തുടങ്ങിയവരെയൊക്കെ ചേർത്തായിരുന്നു പദ്ധതി തുടങ്ങിയത്. ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയവരുമുണ്ട്. ലാഭവിഹിതം മുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പൂക്കോട്ടുംപാടത്തായിരുന്നു ആദ്യ കേസ്. പിന്നീട് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂരിലടക്കം അറസ്റ്റുകൾ നടന്നിരുന്നു. 2022ൽ ആണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. വിദേശത്തേക്കു കടന്ന പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ വീട്ടിൽ നിഷാദ് (39) ഒളിവിലാണ്. ഗൾഫ് രാജ്യത്തുള്ള ഇയാളെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളും പിൻസ്റ്റോക്കിസ്റ്റുകളും (ഏജന്റുമാർ) ആണ് അറസ്റ്റിലായ 3 പേരും. ഇവരുടെ അക്കൗണ്ടുകളിൽ കൂടിയും പണം കൈമാറ്റം നടത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

കേസിൽ എറണാകുളം ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡിൽ ജൂനിയർ കെ.ജോഷി (40) എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു. നിഷാദിന്റെ വാഹനങ്ങളും മറ്റും ഉൾപ്പെടെ 135 കോടി രൂപയുടെ സ്വത്തുക്കൾ ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കായി ക്രൈബ്രാഞ്ച് അന്വേഷണം തുടരുന്നു. ലോങ് റിച്ച് ടെക്നോളജീസ് എന്ന പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ബെംഗളൂരുവാണ് ആസ്ഥാനമെന്നും മധുരയിലും ഓഫിസുണ്ടെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാൽ രണ്ടിടങ്ങളിലെയും ഓഫിസ് വിലാസങ്ങൾ വ്യാജമാണെന്ന് ക്രൈംബ്രാ‍ഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തുന്നുണ്ട്. 

ഇനിയും പരാതി നൽകാം 
നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് 1200 കോടിയുടെ തട്ടിപ്പാണെന്നു കണക്കാക്കിയത്. തട്ടിപ്പിനിരയായ ഒട്ടേറെപ്പേർ ഇനിയുമുണ്ടെങ്കിലും പരാതി നൽകാൻ മടിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. അതുകൂടി പരിഗണിച്ചാൽ തുക കൂടും. പണം നഷ്ടപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്ന് മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറിയിച്ചു. 

English Summary:

Morris Coin Scam Exposed: Kerala Investors Lose Money in Fake Cryptocurrency Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com