കാഴ്ചയില്ലാതെ ആയിരങ്ങൾക്ക് വെളിച്ചം പകർന്ന മമ്മുണ്ണി ഉസ്താദ് ഇനി ഓർമ

Mail This Article
നിലമ്പൂർ∙ കാഴ്ചപരിമിതിയെ അതിജീവിച്ച് ആയിരങ്ങൾക്ക് മതവിജ്ഞാനം പകർന്നു നൽകിയ പാട്ടക്കരിമ്പ് കോക്കുത്ത് മമ്മുണ്ണി ഉസ്താദ് (എവി ഉസ്താദ്– 70) ഓർമയായി. ജന്മനാ കാഴ്ചശേഷി കുറവായിരുന്ന അദ്ദേഹം 36 വർഷം മദ്രസ അധ്യാപകനായി സേവനം ചെയ്തു. അതിൽ 26 വർഷം നിലമ്പൂർ വീരാൻ കോളനി നിബ്രാസുൽ ഹുദാ മദ്രസയിലായിരുന്നു. ചന്തക്കുന്ന് സുന്നി മസ്ജിദിൽ രാത്രി താമസിച്ചാണ് മദ്രസയിൽ എത്തിയിരുന്നത്. അതിനു മുൻപ് 12 വർഷം മൈലാടി, താെണ്ടിയിൽ എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ വിവിധ മദ്രസകളിലും സേവനം ചെയ്തു. ഖുർആൻ, ഹദീസുകൾ തുടങ്ങിയവ മനഃപാഠമായിരുന്ന അദ്ദേഹത്തിന് അധ്യാപനത്തിന് കാഴ്ച പരിമിതി ഒരിക്കലും തടസ്സമായില്ല. പുസ്തകങ്ങൾ മുഖത്താേടടുപ്പിച്ചു പിടിച്ച് വായിച്ചിരുന്നു.
കാഴ്ച പൂർണമായി നഷ്ടപ്പെട്ടപ്പോൾ 2 വർഷം മുൻപ് വിശ്രമജീവിതത്തിൽ പ്രവേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11ന് ആയിരുന്നു മരണം. ഭാര്യ ഫാത്തിമ. മക്കൾ: നസീബ, നൗഫൽ, സുഹൈൽ, നബീല. മരുമക്കൾ: ഹംസ, അൻവർ, സ്വഫ്‌വ അഹ്സാന, ജാഫിന. ശിഷ്യന്മാർ ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കം നടത്തി.