ബംഗ്ലാംകുന്നിൽ വിണ്ടുകീറിയ വീടുകൾ; വിള്ളൽ വീണത് എൻഎച്ചിന് കുന്ന് ഇടിച്ചുതാഴ്ത്തിയപ്പോൾ
Mail This Article
കുറ്റിപ്പുറം ∙ ആറുവരിപ്പാതയ്ക്കായി കുന്ന് ഇടിച്ചുതാഴ്ത്തിയ ബംഗ്ലാംകുന്ന് പ്രദേശത്തെ വീടുകൾ തകർന്നുവീഴാൻ കാത്തിരിക്കുകയാണോ അധികൃതർ? പ്രദേശത്തെ വിണ്ടുകീറിയ വീടുകളും ഭൂമിയും കാണുമ്പോൾ ആർക്കും തോന്നാവുന്ന സംശയമാണിത്. മാസങ്ങൾക്ക് മുൻപ് നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചു താഴ്ത്തിയതിനെ തുടർന്ന് വിള്ളൽ സംഭവിച്ച വീടുകളും ഭൂമിയും സന്ദർശിക്കാൻ കലക്ടർ അടക്കമുള്ളവർ തയാറായിട്ടില്ല. കേടുപാടുകൾ സംഭവിച്ച 6 വീടുകളിലെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് താമസംമാറി മാസങ്ങൾ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട തുടർ നടപടി ഉണ്ടായിട്ടില്ല.
പുതിയ ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് ബംഗ്ലാംകുന്ന് ഇടിച്ചുതാഴ്ത്തിയത്. ഇതോടെ പ്രദേശത്തെ 6 വീടുകൾക്കും പ്രദേശത്തെ ഭൂമിയിലും വിള്ളൽ സംഭവിച്ചു. വീടുകൾ താമസയോഗ്യമല്ലാതായതോടെ ഇവരെ ദേശീയപാത അധികൃതർ ഇടപെട്ട് വാടകവീടുകളിലേക്ക് മാറ്റി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇവരുടെ പുനരധിവാസവും നഷ്ടപരിഹാര സാധ്യതകളും അധികൃതർ പരിശോധിച്ചിട്ടില്ല.
ദേശീയപാത നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയവരാണ് ഇവരിൽ പലരും. ഇതിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ച് നിർമിച്ച വീട് അടക്കം വിണ്ടുകീറിയ അവസ്ഥയിലാണ്. വിള്ളൽ സംഭവിച്ച ഭാഗത്ത് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചെങ്കിലും ആ ഭാഗങ്ങളിൽ വീണ്ടും വിള്ളൽ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമിയിൽ വീണ്ടും വിള്ളൽ ഉണ്ടാകുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധന ജില്ലാ ഭരണകൂടം നടത്തിയിട്ടില്ല. ജനപ്രതിനിധികളും സംഭവം ഗൗരവമായി കാണുന്നില്ലെന്നാണു പരാതി.