ആറുവരിപ്പാത നിർമാണം: ബസുകൾ മണിക്കൂറുകളോളം വൈകുന്നു; യാത്രക്കാർ ട്രെയിനിലേക്കു മാറി, തിരക്ക്

Mail This Article
തിരൂർ ∙ ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്നതിനാൽ ദീർഘദൂര ബസുകൾ മണിക്കൂറുകളോളം വൈകുന്നതോടെ, മലബാറിൽ നിന്നു ഷൊർണൂരിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. മിക്ക ട്രെയിനിലും കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. വാതിലിലും ചവിട്ടുപടിയിലും തൂങ്ങിനിന്നാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ യാത്ര. ഇതിനിടെ, ജനറൽ ടിക്കറ്റ് എടുത്തവർ റിസർവേഷൻ കംപാർട്മെന്റുകളിൽ കയറുന്നതു തർക്കങ്ങൾക്കു വഴിയൊരുക്കുന്നുമുണ്ട്. ഒരു ട്രെയിനിൽ ഇടം കിട്ടാത്തവർ അടുത്ത ട്രെയിനിനായി മണിക്കൂറുകളാണു കാത്തുനിൽക്കേണ്ടി വരുന്നത്.
പണി പുരോഗമിക്കുന്ന ആറുവരിപ്പാതയിൽ, മഴ ശക്തമായതോടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും പതിവായതോടെ ഗതാഗതക്കുരുക്ക് വർധിച്ചു. നിർമാണം നടക്കുന്നതിന് അനുസരിച്ചു പാതയിലെ ഗതാഗത നിയന്ത്രണം പല ദിവസങ്ങളിലും മാറുമ്പോൾ സർവീസ് റോഡുകളിലേക്ക് ഇറങ്ങേണ്ട ഭാഗങ്ങൾ തിരിച്ചറിയാതെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും പതിവാണ്. ഫലത്തിൽ, റോഡ് മാർഗം യാത്ര ദുരിതമായതോടെ ട്രെയിനിലേക്കു യാത്ര മാറ്റിയപ്പോൾ അതു വൻദുരിതമായി. ആറുവരിപ്പാത നിർമാണം പൂർത്തിയാക്കുന്നതു വരെ ഷൊർണൂരിൽ നിന്നു മലബാർ ഭാഗത്തേക്കു കൂടുതൽ ട്രെയിനുകൾ ഓടിക്കാനും നിലവിൽ ഓടുന്ന ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റുകൾ വർധിപ്പിക്കാനും നടപടി വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.