എല്ലാ വഴിയും ആനയ്ക്കു മുന്നിലേക്ക്; രാത്രി ഓട്ടത്തിനില്ലെന്ന് ഓട്ടോ ഡ്രൈവർമാർ

Mail This Article
എടക്കര ∙ രാത്രിയായാൽ മേഖലയിലെ റോഡുകളെല്ലാം കാട്ടാനകൾ കയ്യടക്കുന്നതു പതിവായതോടെ, ജീവൻ പണയപ്പെടുത്തിയുള്ള രാത്രി ഓട്ടം ഓട്ടോ ഡ്രൈവർമാർ അവസാനിപ്പിച്ചു. ഇപ്പോൾ മലയോര മേഖലയിലെ ഒരു ടൗണിലും രാത്രി വൈകിയാൽ ഓട്ടോറിക്ഷ കിട്ടാത്ത അവസ്ഥയാണ്.എടക്കര ടൗണിൽ മാത്രം പെർമിറ്റുള്ള അൻപതോളം ഓട്ടോറിക്ഷകളാണുള്ളത്. ഇവയെല്ലാം കുറച്ചുകാലം മുൻപുവരെ നേരം പുലരുവോളം സ്റ്റാൻഡിൽ യാത്രക്കാരെ കാത്തുകിടന്നിരുന്നു. എന്നാൽ, രാത്രി ഏതുവഴിയേ പോയാലും കാട്ടാനകൾക്കു മുന്നിൽപെടുന്ന സ്ഥിതി പതിവായതോടെ ഓരോരുത്തരായി ഓട്ടം അവസാനിപ്പിച്ചു.
പള്ളിപ്പടി - ചെമ്പൻകൊല്ലി റോഡിൽ ഉണിച്ചന്തം ഭാഗത്ത് ആനകൾക്കു മുന്നിൽനിന്നു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടിട്ടുള്ളത്. ആനകൾക്കു പുറമേ, ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പോലും റോഡ് കയ്യടക്കി കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്. ഈയിടെ രണ്ട് ഓട്ടോറിക്ഷകൾ കാട്ടുപന്നികൾ കുത്തിമറിച്ചു. ഇതിലൊരു അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും സാരമായ പരുക്കേറ്റിരുന്നു. ഗത്യന്തരമില്ലാതെ കഴിവതും രാത്രിയാത്രകൾ ഒഴിവാക്കുകയാണു നാട്ടുകാർ.
പറയൻമാട്ടിൽ കാട്ടാനക്കൂട്ടംകൃഷി നശിപ്പിച്ചു
പറയൻമാട്ടിൽ വീട്ടിക്കുന്നിൽ ആര്യാടൻ ഖാലിദിന്റെ 4 വർഷമായ 50 കമുകുകൾ കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം ഒരു മാസത്തിലേറെയായി പറയൻമാട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നു കർഷകർ പറഞ്ഞു.പുളിയക്കോട്, മൂനാടി ഭാഗങ്ങളിലും കഴിഞ്ഞദിവസം കാട്ടാനകളിറങ്ങി കൃഷിനാശമുണ്ടാക്കി.
പുളിയക്കോട്ട് വീട്ടുമുറ്റത്തെത്തിയ കാട്ടാന വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകളും പറമ്പിലുണ്ടായിരുന്ന തേനീച്ചക്കൂടുകളും നശിപ്പിച്ചു. മോയിക്കൽ റാഫിയുടെ വാഴയും തെങ്ങും പിഴുതെടുത്തു. ദിവസങ്ങളായി കാട്ടാനകൾ ഇവിടെ കൃഷി നശിപ്പിക്കുകയാണ്.