ADVERTISEMENT

മലപ്പുറം ∙ ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ പേരിൽ സിംകാർഡുകൾ എടുത്ത് തട്ടിപ്പു നടത്തിയ കേസിൽ, പുളിക്കൽ ഒളവട്ടൂർ മായക്കര പാറച്ചാലിൽ വീട്ടിൽ അബ്ദുൽ ഷമീറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിൽ 1565 ആക്ടീവ് സിംകാർഡുകളും കാലാവധി കഴിഞ്ഞ 553 സിംകാർഡുകളും 1500 സിം കവറുകളും 1.72 ലക്ഷം രൂപയും വിവിധ ഉപകരണങ്ങളും പിടികൂടി. 3 ഫിംഗർ പ്രിന്റ് സ്കാനറുകൾ, 5 മൊബൈൽ ഫോണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളിയായ ഷമീർ വിവിധ ടെലികോം കമ്പനികളുടെ ഫീൽഡ് സെയിൽസ് ഓഫിസറുമാണ്. സ്വന്തമായി ഓഫിസ് ഇല്ല. എടുത്തുകൊടുക്കുന്ന ഓരോ സിംകാർഡിനും 50 രൂപ കമ്മിഷൻ ലഭിക്കും. ഈ ലാഭം ലക്ഷ്യമിട്ടാണ് അധിക സിംകാർഡുകൾ എടുത്തത്. ഫിംഗർപ്രിന്റ് സ്കാനറിൽ ഉപയോക്താക്കൾ വിരലമർത്തുമ്പോൾ, ശരിയായില്ലെന്നു പറഞ്ഞു കൂടുതൽ തവണ വിരലടയാളം ശേഖരിച്ച് അവരറിയാതെ അധിക സിംകാർഡുകൾ എടുക്കുന്നതായിരുന്നു രീതി. ഇവയുടെ കാലാവധി കഴിയാറാകുമ്പോൾ മറ്റു സേവനദാതാക്കളിലേക്കു കൂട്ടമായി പോർട്ട് ചെയ്യും.

ഉപയോക്താക്കൾ അറിയാതെ കൂട്ട സിംകാർഡുകൾ എടുത്ത് ഓൺലൈൻ തട്ടിപ്പിന് ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ്, കഴിഞ്ഞവർഷം നവംബറിൽ ഷമീർ കൂട്ടമായി ബിഎസ്എൻഎൽ സിംകാർഡുകൾ എടുത്തുനൽകിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവിക്കു രഹസ്യവിവരം ലഭിച്ചത്. വിശദമായി അന്വേഷണത്തിൽ പല സേവനദാതാക്കളുടെയും സിംകാർഡുകൾ എടുത്തതായും പോർട്ട് ചെയ്തതായും കണ്ടെത്തി.പിടിച്ചെടുത്ത സിംകാർഡുകൾ ആരുടെയൊക്കെ രേഖകൾ ഉപയോഗിച്ചാണ് എടുത്തതെന്ന വിവരം നൽകാൻ സേവനദാതാക്കൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഷമീറിനെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com