ഹജ് കർമങ്ങൾക്കിടെ കാണാതായ വാഴയൂർ സ്വദേശിക്കായി തിരച്ചിൽ
Mail This Article
വാഴയൂർ∙ ഹജ് കർമങ്ങൾക്കിടെ അറഫയിൽ കാണാതായ വാഴയൂർ തിരുത്തിയാട് മണ്ണിൽകടവത്ത് മുഹമ്മദിനു (74) വേണ്ടിയുള്ള അന്വേഷണം 25 ദിവസം പിന്നിടുന്നു. ചികിത്സയിലുള്ളവരുടെയോ മരിച്ചവരുടെയോ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ, മുഹമ്മദ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണു കുടുംബം.മുഹമ്മദും ഭാര്യ മറിയംബീവിയും സംസ്ഥാന ഹജ് കമ്മിറ്റി മുഖേന മേയ് 22നാണു കരിപ്പൂർ വഴി യാത്രയായത്. ജൂൺ 15ന് അറഫാദിനത്തിൽ വൈകിട്ടു 3 മണിയോടെ മുസ്ദലിഫയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ അറഫയിലെ ടെന്റിനു പുറത്തിറങ്ങിയ ഭർത്താവിനെ മറിയംബീവി ഏറെനേരം തിരഞ്ഞെങ്കിലും കണ്ടില്ല. കൂടെയുള്ളവരും ചേർന്ന് അന്വേഷണം തുടർന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുവൈത്തിലുള്ള മക്കളായ റിയാസും സൽമാനും മക്കയിലെത്തി.
വൊളന്റിയർമാരും സന്നദ്ധസംഘടനാ പ്രവർത്തകരും മറ്റും അന്വേഷണ കൗണ്ടറുകളിലും ആശുപത്രികളിലും അന്വേഷിച്ചു. പരുക്കേറ്റോ മറ്റോ ചികിത്സയിലുള്ളവരുടെയും മരിച്ചവരുടെയും പട്ടിക പരിശോധിച്ചു. മോർച്ചറികളിലും അന്വേഷണം നടത്തി. ആളെ തിരിച്ചറിയാതെ കബറടക്കിയവരുടെ ഡിഎൻഎയും മകന്റെ ഡിഎൻഎയും താരതമ്യം ചെയ്തുള്ള ശാസ്ത്രീയ പരിശോധനയും നടത്തി. ജൂലൈ ഒന്നിനു പരിശോധനാ ഫലം വന്നപ്പോൾ അത്തരത്തിൽ കബറടക്കിയവരുടെ പട്ടികയിലും ഇല്ലെന്നു വ്യക്തമായെന്നു മകൻ അനസ് പറഞ്ഞു.
ഈ മാസം മൂന്നിനു മദീന വഴി മുഹമ്മദും മറിയംബീവിയും നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. വിവരം ലഭിക്കാത്തതിനാൽ മറിയംബീവിയും മകൻ സൽമാനും നാട്ടിലേക്കു മടങ്ങി. മുഖ്യമന്ത്രി, കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങി പലർക്കും നിവേദനം നൽകിയിട്ടുണ്ട്. സൗദിയിൽനിന്നു ഹജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയാകുന്നതോടെ മുഹമ്മദിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു നാട്. പെരുവയൽ കായലം എഎൽപി സ്കൂൾ റിട്ട.അധ്യാപകനാണ് മുഹമ്മദ്.