കോൾപ്പടവിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു; ഒരാളെ കാണാനില്ല

Mail This Article
ചങ്ങരംകുളം ∙ നന്നംമുക്ക് നീലയിൽ കോൾപ്പടവിൽ 3 സുഹൃത്തുക്കൾ പോയ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. ഒരാളെ അതിഥിത്തൊഴിലാളി രക്ഷിച്ചു. കല്ലൂർമ തരിയത്ത് കിഴക്കേതിൽ റഫീഖിന്റെയും ഹസീനയുടെയും മകൻ ആഷിഖ്(23) ആണു മരിച്ചത്.ചിയാനൂർ താടിപ്പടി മേച്ചിനാത്ത് കരുണാകരന്റെ മകൻ സച്ചിനായി(23) തിരച്ചിൽ നടക്കുന്നു. ചിയാനൂർ കുന്നക്കാട്ട് സുന്ദരന്റെ മകൻ പ്രസാദ്(27) ആണു രക്ഷപ്പെട്ടത്. ഇന്നലെ ആറിനു കരയിൽനിന്ന് 500 മീറ്റർ അകലെ കോൾപ്പടവിൽ പുല്ലു നിറഞ്ഞ സ്ഥലത്താണു തോണി മറിഞ്ഞത്. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഒടുവിൽ സമീപത്തെ വാഴകൾ വെട്ടി കൂട്ടിക്കെട്ടി ചങ്ങാടംപോലെ രൂപപ്പെടുത്തിയാണു സംഭവസ്ഥലത്തേക്ക് എത്തിയത്. ഈ സമയം, അപകടസ്ഥലത്തേക്കു നീന്തിയെത്തിയ അതിഥിത്തൊഴിലാളി പ്രസാദിനെ രക്ഷിച്ചു ചങ്ങാടത്തിൽ കയറ്റി. നാട്ടുകാരുടെയും ചങ്ങരംകുളം പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ സച്ചിനായി തിരച്ചിൽ തുടരുകയാണ്. ആഷിഖിന്റെ സഹോദരങ്ങൾ: ആഷിർ, തെസ്നി.