13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 23 വർഷം കഠിനതടവ്
Mail This Article
പെരിന്തൽമണ്ണ∙ ഭിന്നശേഷിക്കാരിയായ 13 വയസ്സുകാരിക്കെതിരെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 45000 രൂപ പിഴയും വിധിച്ചു. പാങ്ങ് അയ്യാത്തൻപാറയിലെ കൊളമ്പ്രത്തൊടി വീട്ടിൽ ഗിരീഷിനെ (48) ആണ് ശിക്ഷിച്ചത്. 2016ൽ ആണ് കേസിനാസ്‌പദമായ സംഭവം. അർധരാത്രിയിൽ വീടിന്റെ ഓടുപൊളിച്ച് അകത്തുകയറി ഉറങ്ങുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്നും 2018 മേയ് വരെ പല ദിവസങ്ങളിലും പീഡനം ആവർത്തിച്ചെന്നുമാണ്കേസ്. 3 ഐപിസി വകുപ്പുകളിലായാണ് ശിക്ഷ. പോക്‌സോ വകുപ്പുകൾ പ്രകാരം പ്രത്യേക ശിക്ഷയില്ല. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം തുക കുട്ടിക്കു നൽകാനും ഉത്തരവായി.
കൊളത്തൂർ പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസിൽ ഇൻസ്‌പെക്‌ടർ ആയിരുന്ന എൻ.ബിശ്വാസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പെരിന്തൽമണ്ണ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്‌ന പി.പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം 11 സാക്ഷികളെ വിസ്‌തരിച്ചു. 19 രേഖകൾ ഹാജരാക്കി. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.