കഞ്ചാവ് കടത്തിയ അതിഥിത്തൊഴിലാളി ദമ്പതികൾ പൊലീസ് പിടിയിലായി

Mail This Article
നിലമ്പൂർ∙ പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ അതിഥിത്തൊഴിലാളി ദമ്പതികൾ പൊലീസ് പിടിയിലായി. ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് ആണ് സംഭവം. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശി മല്ലിക് അസദുള്ള (53) ഭാര്യ ചാബില ബീവി (39) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
അതിഥിത്തൊഴിലാളികളെ ഉപയാേഗിച്ച് ട്രെയിൻമാർഗം മലയോര മേഖലയിേലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന സൂചനകളെത്തുടർന്ന് നിലമ്പൂർ പൊലീസ്, ഡാൻസാഫ് സംഘം എന്നിവ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പശ്ചിമ ബംഗാളിൽ ഒരു കീലോ ഗ്രാം കഞ്ചാവിന് 5000-6000 രൂപയാണ് വില. കേരളത്തിൽ മൊത്തകച്ചവടക്കാർക്ക് കൊടുത്താൽ 20,000 രൂപ കിട്ടും. ചില്ലറ വിൽപ്പന വില 35,000 രൂപയാണ്. പൂക്കോട്ടുംപാടത്ത് ഹോട്ടൽ തൊഴിലാളിയാണ് അസദുള്ള. ബാഗിൽ വസ്ത്രങ്ങൾക്കിടയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മറ്റു കണ്ണികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.