ആറുവരിപ്പാത നിർമാണം: ഏറ്റവും ഉയരമുള്ള കുന്നിന്റെ അടിവശത്ത് വിള്ളൽ, മണ്ണിടിച്ചിൽ; ആശങ്കയോടെ നാട്ടുകാർ

Mail This Article
കുറ്റിപ്പുറം ∙ ശകതമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത നിർമാണ പ്രദേശങ്ങളിൽ വിള്ളലും മണ്ണിടിച്ചും ഉണ്ടായത് ആശങ്ക സൃഷ്ടിക്കുന്നു. ആറുവരിപ്പാത നിർമാണം നടക്കുന്ന അയങ്കലത്തിനും മിനിപമ്പയ്ക്കും ഇടയിലെ ഏറ്റവും ഉയരമുള്ള കുന്നിന്റെ അടിവശത്താണ് ഇന്നലെ രാവിലെ വിള്ളൽ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ കരാർ കമ്പനി സ്ഥലത്തെത്തി കോൺക്രീറ്റ് ഉപയോഗിച്ച് വിളളൽ അടച്ചു. 60 അടിയിലധികം ഉയരമുള്ള കുന്നിന്റെ അടിവശത്താണ് വിള്ളൽ കാണപ്പെട്ടത്. കുന്നിന്റെ മുകളിൽ ഒട്ടേറെ വീടുകളുണ്ട്. വലിയ കുന്നിടിച്ച് താഴ്ത്തിയാണ് ഈ ഭാഗത്ത് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. കുന്നിടിച്ച ഭാഗത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് മിശ്രിതം സ്പ്രേ ചെയ്താണ് ദൃഡപ്പെടുത്തിയിട്ടുള്ളത്. ഇത് അശാസ്ത്രീയമാണെന്നും മണ്ണ് ഉള്ള ഭാഗങ്ങളിൽ അടിയിൽ നിന്ന് കോൺക്രീറ്റ് ഭിത്തി ഉയർത്തി സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ആറുവരിപ്പാതയുടെ ഭാഗമായി ഫ്ലൈ ഓവർ നിർമാണം നടക്കുന്ന മിനിപമ്പയിലെ കെടിഡിസി ഹോട്ടലിന് സമീപത്ത് മണ്ണിടിഞ്ഞു. പാലത്തിനായി നേരത്തെ കുന്നിടിച്ചു താഴത്തിയ ഭാഗത്താണ് മഴയിൽ വീണ്ടും ഇടിച്ചിൽ ഉണ്ടായത്. കെടിഡിസി ഹോട്ടലിന് തൊട്ടടുത്താണ് മണ്ണിടിച്ചിൽ. അധികൃതർ വിവരം നൽകിയതിനെ തുടർന്ന് കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. മുകളിൽ നിന്ന് വെള്ളം ഊർന്നിറങ്ങാതിരിക്കാനായി ഹോട്ടലിന് മുൻവശത്ത് സിമന്റിൽ തടയണ നിർമിക്കുക മാത്രമാണ് ചെയ്തത്. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി ഈ ഭാഗത്തും അടിവശം മുതൽ കോൺക്രീറ്റ് ഭിത്തി നിർമിക്കണം എന്ന ആവശ്യമുയരുന്നുണ്ട്.