ദുഃഖത്തിര വീണ്ടും ചുരം കയറി; ചാലിയാറിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി

Mail This Article
നിലമ്പൂർ ∙ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളിൽപെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ വയനാട് മേപ്പാടിയിലേക്ക് കൊണ്ടുപോയി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് മേപ്പാടിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റിത്തുടങ്ങിയത്. 10 മൃതദേഹങ്ങൾ കയറ്റിയ ആംബുലൻസുകൾ പൊലീസ് അകമ്പടിയോടെ ഉച്ചകഴിഞ്ഞു രണ്ടിനാണു നിലമ്പൂർ വിട്ടത്. ഇന്നലെ വൈകിട്ടുവരെ 30 മൃതദേഹങ്ങൾ മേപ്പാടിയിലേക്ക് മാറ്റി. ഇവ നാടുകാണിച്ചുരത്തിലൂടെ തമിഴ്നാട് വഴിയാണ് വയനാട്ടിലേക്ക് പോയത്.

തമിഴ്നാട്ടിലെ പന്തല്ലൂരിലും ദേവാലയിലും റോഡിനിരുവശത്തും തടിച്ചുകൂടിയവർ പുഷ്പവൃഷ്ടി നടത്തി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഇന്നലെ 20 മൃതദേഹങ്ങളും 50 ശരീരഭാഗങ്ങളുമാണ് രക്ഷാപ്രവർത്തകരും തീരവാസികളും കണ്ടെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇതോടെ 2 ദിവസങ്ങളിലായി 52 മൃതദേഹങ്ങളും 75 ശരീരഭാഗങ്ങളുമാണ് പുഴയോരത്തുനിന്ന് ലഭിച്ചത്.ചാലിയാറിൽ ഇന്നലെ രാവിലെ 7 മുതൽ എൻഡിആർഫിന്റെയും അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ മുണ്ടേരി വനത്തിൽ പുഴയോരത്ത് നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ലഭിച്ചത്.

ഇതിനു പുറമേ മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിൽ നിന്ന് 52 കിലോമീറ്റർ അകലെ മമ്പാട് ചാലിയാർ തീരത്തുനിന്ന് ഇന്നലെ 2 മൃതദേഹഭാഗങ്ങൾ ലഭിച്ചു. പ്രദേശവാസികളാണ് ഇവ കണ്ടെത്തിയത്. ലഭിച്ച മൃതദേഹങ്ങളിൽ 28 പുരുഷൻമാരും 21 സ്ത്രീകളും 2 ആൺകുട്ടികളുമുണ്ട്. ഒരെണ്ണം സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാനായിട്ടില്ല. ഇന്നലെ വൈകിട്ട് 7.30 വരെ 100 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടന്നത്. ഇന്നലെ മുണ്ടക്കൈ കരുണ സരോജിൽ പാർഥന്റെ (74) മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റേതുൾപ്പെടെ തിരിച്ചറിഞ്ഞ 3 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾ ഏറ്റുവാങ്ങി.

ഇനി തിരയാനുള്ളത് വയനാട് ഭാഗത്ത്
∙ ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 5.30 വരെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും എൻഡിആർഎഫും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് മുണ്ടേരി വനത്തിൽ പുഴയോരങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഭാഗങ്ങൾ പൂർണമായും വയനാട്ടിലെ 100 മീറ്റർ ഭാഗത്തും ഇന്നലെ തിരച്ചിൽ പൂർത്തിയാക്കി. അതേസമയം പുഴയുടെ വയനാട് ജില്ലയിലെ വനഭാഗത്തും മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇവിടേക്ക് പുഴയുടെ മുകൾഭാഗത്തുനിന്ന് താഴേക്ക് തിരച്ചിൽ ദൗത്യം നടത്തേണ്ടതുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
∙ ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ വാഴക്കാട് മണന്തലക്കടവിൽ 10 വയസ്സുതോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 5ന് എളമരം പാലത്തിൽ നിൽക്കുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇരുട്ടുകുത്തിക്കടവിൽ തകർന്ന പാലം പുനർനിർമിക്കാത്തത് ചാലിയാറിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടി
പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കുന്നതിൽ പുലർത്തിയ അനാസ്ഥ ചാലിയാറിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. മുണ്ടേരി ഇരുട്ടുകുത്തിക്കടവിൽ പാലം ഉണ്ടായിരുന്നെങ്കിൽ അക്കരെവന്നടിഞ്ഞ മൃതദേഹങ്ങൾ ചാലിയാർ നീന്തിക്കടന്ന് ഇക്കരെയെത്തിക്കുകയെന്ന സാഹസം ഒഴിവാക്കാനാകുമായിരുന്നു. 2019 ഓഗസ്റ്റ് 8ന് ഉണ്ടായ പ്രളയത്തിലാണ് ഇരുട്ടുകുത്തിക്കടവിലുണ്ടായിരുന്ന പാലം തകർന്നത്.
5 വർഷം തികയുമ്പോഴും പുതിയ പാലത്തിന്റെ ഒരു തൂണുപോലും നിർമിക്കാൻ സാധിച്ചിട്ടില്ല. ചാലിയാറിന്റെ കുത്തൊഴുക്കിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാസംഘം മൃതദേഹങ്ങൾ മറുകരയെത്തിച്ചത്. പലപ്പോഴും നിയന്ത്രണംവിട്ടുപോകുന്ന സ്ഥിതിയും ഉണ്ടായി. ആദ്യ ദിവസം രക്ഷാസംഘത്തിന് ചാലിയാറിന്റെ തലപ്പാലിക്കടവ് ഇറങ്ങിക്കടക്കാനാകാതെ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വന്നത്. പാലം ഇല്ലാത്തതുമൂലം കാലവർഷമായാൽ ചാലിയാറിനക്കരെയുള്ള മുന്നൂറോളം വരുന്ന ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടാണ് കഴിയുന്നത്. ആർക്കെങ്കിലും രോഗം വന്ന് അത്യാസന്ന നിലയിലായാൽ ആശുപത്രിയിലെത്തിക്കാൻ പോലും നിർവാഹമില്ല.
പ്രകൃതിദുരന്തങ്ങളിൽ പാലവും റോഡുമൊക്കെ തകർന്നാൽ എത്രയും വേഗം പുനർനിർമിക്കാൻ നടപടി സ്വീകരിക്കാറുണ്ട്. എന്നാൽ, ഇവിടെ തിരിച്ചാണ് അനുഭവം. പുതിയ പാലത്തിന്റെ നിർമാണവും പുനരധിവാസവും നടപ്പാക്കാത്തതിനെതിരെ ആദിവാസികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഒഴുക്കിൽ കൈവിട്ടുപോയ അഹന്യയെ തിരഞ്ഞ് ബന്ധുക്കളുടെ നെട്ടോട്ടം
മലവെള്ളപ്പാച്ചിലിൽ അമ്മയുടെ കൈവിട്ടുപോയ അഹന്യയെ (10) അന്വേഷിച്ച് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ എത്തി. ചൂരൽമല പാറക്കളം അഭിലാഷിന്റെയും പ്രജിതയുടെയും ഏക മകളായ അഹന്യ വെള്ളാർമല സ്കൂളിൽ 5-ാം ക്ലാസ് വിദ്യാർഥിനിയാണ്. അഭിലാഷ് വിദേശത്താണ്. വീട്ടിൽ പ്രജിത, അഹന്യ, അഭിലാഷിന്റെ മാതാപിതാക്കൾ എന്നിവരാണുള്ളത്. ഭയാനക ശബ്ദത്തിനൊപ്പം വാതിൽ തകർത്ത് വെള്ളം വീട്ടിലേക്ക് ഇരച്ചുകയറി. എല്ലാവരും കൈകോർത്ത് ഓടിയെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ പുറത്തേക്ക് ഒഴുകിയ വീട്ടുപകരണങ്ങളെന്തോ ഇടിച്ച് അഹന്യ കൈവിട്ടുപോയി. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. എല്ലാവർക്കും പരുക്കുണ്ട്.
ഗർഭിണിയായ പ്രജിത കാലെല്ലുപൊട്ടി ആശുപത്രിയിലാണ്. പ്രജിതയുടെ സഹോദരൻ പ്രജീഷ്, ബന്ധു അനീഷ് എന്നിവർ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തി. അഹന്യയുടെ സാമ്യമുള്ള മൃതദേഹത്തിന്റെ ഫോട്ടാേ കണ്ടു. ധരിച്ചിരുന്ന കമ്മലാണ് തിരിച്ചറിയാനുള്ള പ്രധാന അടയാളം. എന്നാൽ മൃതദേഹം മേപ്പാടിക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയതിനാൽ നേരിട്ടുകണ്ട് ഉറപ്പുവരുത്താനായില്ല. തുടർന്ന് എല്ലാവരും മേപ്പാടിക്ക് പുറപ്പെട്ടു.
പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ കാണാതായ സിയ നൗറിന്റെ (11) മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ചൂരൽമല ചോലശ്ശേരി ഉബൈദിന്റെ മകളാണ്. ഇന്നലെ പുലർച്ചെ 3.30നാണു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. എസ്‌വൈഎസ് സാന്ത്വനം സന്നദ്ധപ്രവർത്തകർ നിലമ്പൂർ മജ്മഅ്‌യിൽ പ്രത്യേക ക്രമീകരണം ഒരുക്കി മൃതദേഹ പരിപാലനവും നിസ്കാരവും നടത്തി. തുടർന്നു നാട്ടിലേക്കു കൊണ്ടുപോയി.