മഴയിൽ കുതിർന്ന സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു

Mail This Article
തിരൂർ ∙ മഴയിൽ കുതിർന്നു നിന്ന സ്കൂൾ കെട്ടിടം നിലം പൊത്തി. ഇന്നലെ പുലർച്ചെയാണ് കൂട്ടായി വാടിക്കൽ പികെടിബിഎംയുപി സ്കൂൾ കെട്ടിടം വീണത്. ഓടിട്ട കെട്ടിടമാണിത്. മുൻപ് ഈ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ ഇല്ല. 3 ക്ലാസ്മുറികളുടെ വലിപ്പമുള്ള ഈ കെട്ടിടം പൂർണമായി തകർന്നു വീണിട്ടുണ്ട്. സ്കൂളിലെ കഞ്ഞിപ്പുരയും ഇതിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. തകർച്ചയുടെ വക്കിലെത്തിയിരുന്ന കെട്ടിടമാണ് നിലംപൊത്തിയതെന്നു നാട്ടുകാർ പറഞ്ഞു.
സ്കൂൾ പ്രവർത്തിക്കാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സ്കൂളിലെ മറ്റു കെട്ടിടങ്ങൾക്കും സമാനമായ അവസ്ഥായാണുള്ളതെന്നും നാട്ടുകാർ പറയുന്നു. ഇവയെല്ലാം പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊളിഞ്ഞു വീണ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിരുന്നതാണെന്നും പണിക്കാരെ കിട്ടാത്തതു കൊണ്ടാണ് നടക്കാതിരുന്നതെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.