ADVERTISEMENT

കൊണ്ടോട്ടി ∙ ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെത്തുടർന്നു പൂർണമായും വെള്ളത്തിലായ നഗരമാണു കൊണ്ടോട്ടി. കോഴിക്കോട് വിമാനത്താവളത്തിന്റെ ഹോം സിറ്റി. മോശം കാലാവസ്ഥയിലും കരിപ്പൂരിൽ ഒരു വിമാന സർവീസ് പോലും താളം തെറ്റിയില്ല. എന്നാൽ, വിമാനം കയറാനുള്ള യാത്രക്കാരും വിമാനമിറങ്ങി വീടുകളിലേക്കു പോകാനുള്ളവരുമായ നൂറുകണക്കിനു പേർ കൊണ്ടോട്ടിയിലെ വെള്ളക്കെട്ടുമൂലം വട്ടംകറങ്ങി. 

ആംബുലൻസുകൾ ഉൾപ്പെടെ പല വാഹനങ്ങളും കുടുങ്ങി. ബൈപാസ് റോഡിന്റെ ഇരുവശത്തുമുള്ള നൂറിലേറെ കടകളിലും തോടിന്റെ മറുകരയിലുള്ള നൂറോളം വീടുകളിലും വെള്ളം. നഷ്ടം കോടികൾ.ഈ ദുരിതം ഇതാദ്യമല്ല, ഓരോ മഴക്കാലത്തുമുണ്ട്. അടുത്ത മഴക്കാലത്തിനു മുൻപ് ശാശ്വത പരിഹാരം കാണുെമെന്ന് അധികൃതരുടെ പ്രഖ്യാപനമുണ്ടാകുമെങ്കിലും ആ മഴയോടൊപ്പംതന്നെ അതും വെള്ളത്തിലാകും.

എന്തുകൊണ്ട് വെള്ളക്കെട്ട്
പ്രധാന ജലസ്രോതസ്സായ വലിയതോടിനു സമാന്തരമായാണു ദേശീയപാത കടന്നുപോകുന്നത്. നഗരസഭാ പരിധിയിലെ കോടങ്ങാട് മുതൽ കുളത്തൂർ വരെ 5 കിലോമീറ്റർ ദേശീയപാത. ഇതിനിടെ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം കുറവാണ്. കുറുപ്പത്ത് മുതൽ കൊണ്ടോട്ടി 17 വരെ 2 കിലോമീറ്ററോളം ബസ് സ്റ്റാൻഡും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന നഗരം പൂർണമായും വെള്ളത്തിലായിരുന്നു. വലിയ തോടിനോടു ചേർന്നുകിടക്കുന്ന ഭാഗമാണിത്. തോട് നിറഞ്ഞ് റോഡും തോടും തിരിച്ചറിയാത്ത സ്ഥിതി. 

യഥാസമയം തോട് നവീകരിക്കാത്തതാണു പ്രധാന പ്രശ്നം. ചെളിയും കല്ലും നിറഞ്ഞ് തോട് പല സ്ഥലത്തും ആഴം കുറവാണ്. നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുമുണ്ട്. പാലങ്ങളുടെ എണ്ണം കൂടിയത് ഒഴുക്കിനെ ബാധിക്കുന്നുണ്ടെന്നും ചില ഭാഗങ്ങളിൽ തോട് കയ്യേറിയിട്ടുണ്ടെന്നും മറ്റുമുള്ള ആക്ഷേപം വേറെ. ഓവുചാലുകൾ അടഞ്ഞതിനാൽ മഴവെള്ളം റോഡിൽനിന്നു തൊട്ടടുത്ത തോട്ടിലേക്ക് ഒഴുകിപ്പോകുന്നില്ല എന്നതാണു മറ്റൊരു പ്രധാന പ്രശ്നം. 

വായനക്കാർക്കു പ്രതികരിക്കാം
കൊണ്ടോട്ടി നഗരത്തിൽ ഓരോ വർഷവും വെള്ളക്കെട്ട് പതിവായിട്ടും ശാശ്വത പരിഹാരം എന്തുകൊണ്ടാണ് ഇല്ലാത്തത്. ആസൂത്രണവും ഏകോപനവും ഇല്ലാത്തതാണോ പ്രശ്നം. നഗരസഭാധികൃതർ മുതൽ എംപിമാർ വരെ വിഷയം ഗൗരവമായി എടുക്കാത്തതാണോ. ഓവുചാലുകളും നീർച്ചാലുകളും അടഞ്ഞതു തുറക്കാൻ അധികൃതർക്കു പേടിയുണ്ടോ. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ ഒട്ടേറെ ആശുപത്രികളിലേക്ക് രോഗികൾ ഇതുവഴി പോകുന്നുണ്ട്.

ഹജ്, ഉംറ തീർഥാടകർ ഉൾപ്പെടെ യാത്രക്കാർക്ക് ഒഴിവാക്കാനാകാത്ത നഗരമാണിത്. അവർക്കെല്ലാം ഇനി സമാധാനത്തോടെ യാത്ര ചെയ്യണം. വെള്ളം കയറുമോ എന്ന പേടിയില്ലാതെ വ്യാപാരികൾക്കും സമീപ വീട്ടുകാർക്കും ഉറങ്ങാനാകണം. അതിന് എന്തൊക്കെയാണു ചെയ്യേണ്ടത്, ആരാണു മുന്നോട്ടുവരേണ്ടത്. വായനക്കാർക്കു പ്രതികരിക്കാം. 

അഭിപ്രായങ്ങളും 
നിർദേശങ്ങളും
7012667458 എന്ന 
വാട്സാപ് നമ്പറിൽ
അറിയിക്കൂ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com