ADVERTISEMENT

തിരൂർ ∙ മഴ ശമിച്ചതോടെ പലയിടത്തും വെള്ളക്കെട്ടുകൾ താഴ്ന്നു തുടങ്ങി. താലൂക്കിലെ 7 ദുരിതാശ്വാസ ക്യാംപുകൾ പിരിച്ചുവിട്ടു. ശേഷിക്കുന്ന 11 ക്യാംപുകളിൽ 232 കുടുംബങ്ങൾ തുടരുന്നുണ്ട്. ആലത്തിയൂർ സ്കൂളിലാണ് കൂടുതൽ പേരുള്ളത്, 44 കുടുംബങ്ങൾ. ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. മലമ്പുഴ ഡാം പെട്ടെന്നു തുറന്നേക്കില്ലെന്ന വിവരവും വന്നിട്ടുണ്ട്. 

തിരൂർ കൂത്തുപറമ്പ് ഭാഗത്തെ വെള്ളക്കെട്ട്.
തിരൂർ കൂത്തുപറമ്പ് ഭാഗത്തെ വെള്ളക്കെട്ട്.

പുഴയിലും കനാലിലും ജലനിരപ്പ് താഴുന്നു
തിരൂർ പുഴ, കനോലി കനാൽ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങി. തിരൂർ പുഴയുടെ തീരങ്ങളിൽ വെള്ളം ഉയർന്നതോടെയാംണ് കൂടുതൽ വീടുകളിലേക്കു വെള്ളം കയറുന്ന സാഹചര്യമുണ്ടായത്.കനോലി കനാലിൽ വെള്ളമുയർന്നതോടെയാണ് വെട്ടം പഞ്ചായത്തിൽ പലയിടത്തും വെള്ളം കയറിയത്.

ഓൾഡ് പൊന്നാനി തോട്ടിൽ വെള്ളം കുറഞ്ഞതോടെ തിരൂർ അന്നാര പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. തിരൂർ ഏഴൂർ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ഇവിടെ കൂത്തുപറമ്പ് മേഖലയിലാണ് കൂടുതൽ വെള്ളമുള്ളത്. ഇന്നലെ ദുരിതാശ്വാസ ക്യാംപുകളിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ സന്ദർശനം നടത്തി. വെള്ളം കയറിയ വീടുകൾ സന്നദ്ധ സംഘടനകൾ ശുചിയാക്കി.

സഹായമെത്തിക്കാൻ വിവിധ സംഘടനകൾ
തിരൂർ ∙ ഉരുൾ ദുരന്തം വിതച്ച വയനാട്ടിലേക്ക് സഹായമെത്തിക്കാൻ വിവിധ സംഘടനകൾ രംഗത്ത്.  ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ മനോരമ നല്ലപാഠം ക്ലബ് സ്കൂളിൽ വിഭവ സമാഹരണം ആരംഭിച്ചു. വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, മരുന്നുകൾ, പായ, ചെരിപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, തലയണ, വാഷിങ് പൗഡർ തുടങ്ങിയവയെല്ലാം 6 വരെ ഈ കേന്ദ്രത്തിൽ സ്വീകരിക്കും. 

-തിരൂരി‍ൽ റെ‍ഡ്ക്രോസ് സൊസൈറ്റി തുടങ്ങിയ വിഭവസമാഹരണ കേന്ദ്രം.
-തിരൂരി‍ൽ റെ‍ഡ്ക്രോസ് സൊസൈറ്റി തുടങ്ങിയ വിഭവസമാഹരണ കേന്ദ്രം.

തുടർന്ന് ഇവ വയനാട്ടിലേക്ക് എത്തിച്ചു കൊടുക്കും. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി തിരൂർ ജില്ലാ ആശുപത്രിക്കു സമീപം വിഭവ‌ സമാഹരണകേന്ദ്രം ആരംഭിച്ചു. റിട്ട. തഹസിൽദാർ പി.ഉണ്ണി, പാറപ്പുറത്ത് കുഞ്ഞുട്ടി, ദിലീപ് അമ്പായത്തിൽ എന്നിവർ നേതൃത്വം നൽകും. ബിജെപി തിരുനാവായ മണ്ഡലം കമ്മിറ്റി വയനാട്ടിലേക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ചു. 

തിരൂർ അന്നാരയിൽ വെള്ളം കയറിയ വീടുകൾ ശുചിയാക്കാൻ എത്തിയ ഫാത്തിമ മാതാ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്.
തിരൂർ അന്നാരയിൽ വെള്ളം കയറിയ വീടുകൾ ശുചിയാക്കാൻ എത്തിയ ഫാത്തിമ മാതാ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്.

അനീഷ് കുറ്റിയിൽ, ബി.രതീഷ്, പി.ആർ.രശ്മിൽ നാഥ് എന്നിവർ നേതൃത്വം നൽകി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് പരിയാപുരം നവയുഗ് വായനശാല അവശ്യ വസ്തുക്കൾ എത്തിച്ചു. വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ സാധനങ്ങൾ ഏറ്റുവാങ്ങി. 

റോഡിന്റെ വശങ്ങൾ ഇടിഞ്ഞു; സുരക്ഷാ ഭീഷണി

കൂട്ടായിയിൽ ആവിപ്പുഴ നടക്കായിത്തോട് കടന്നു പോകുന്ന സ്ഥലത്തെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ. കനത്ത മഴയിൽ സംരക്ഷണ ഭിത്തിയില്ലാത്ത തോട് നിറഞ്ഞൊഴുകുകയാണ്. കൂടാതെ കൂട്ടായി അഴിമുഖം റോഡിന്റെ പാർശ്വഭിത്തികൾ ഇടിഞ്ഞതും യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട സാധ്യത ഉണ്ടാക്കുന്നുണ്ട്. 

വിദ്യാലയങ്ങളിലേക്ക് ചെറിയ കുട്ടികൾ നടന്നു പോകുന്ന വഴിയുമാണിത്. കഴിഞ്ഞ ദിവസം മഴയിൽ തോട് റോഡിനു മുകളിലൂടെയാണ് നിറഞ്ഞൊഴുകിയിരുന്നത്. പ്രദേശവാസികൾ കല്ലുകൾ വച്ചും കയറു കെട്ടിയും ജാഗ്രതയോടെ കാവൽ നിന്നുമാണ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും കടത്തിവിട്ടത്. തോട് കടന്നുപോകുന്ന പ്രധാന റോഡിനിരുവശവും സംരക്ഷണഭിത്തിയും തോടിന്റെ വശങ്ങളിലായി കൈവരിയും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

വെള്ളക്കെട്ട് ഒഴിവാക്കാൻ‌ ഉന്നതതല യോഗം 
∙ മണ്ഡലത്തിലെ വെട്ടം, തിരൂർ, തിരുനാവായ എന്നിവിടങ്ങളിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉന്നത തല യോഗം വിളിച്ചു ചേർക്കുമെന്നു കുറുക്കോളി മൊയ്തീൻ എംഎൽഎ പറഞ്ഞു.  ക്യാംപുകളിൽ നിന്നു വീടുകളിൽ തിരിച്ചെത്തുന്നവർക്ക് വീടുകളിലെ കിണർ ശുചിയാക്കുന്നതു വരെ ശുദ്ധജലം സൗജന്യമായി എത്തിച്ചു നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ക്യാംപിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന താനൂർ ശോഭ ക്ഷേത്രാങ്കണം നഗരസഭ ചെയർമാൻ റഷീദ് മോര്യ സന്ദർശിക്കുന്നു.
ക്യാംപിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന താനൂർ ശോഭ ക്ഷേത്രാങ്കണം നഗരസഭ ചെയർമാൻ റഷീദ് മോര്യ സന്ദർശിക്കുന്നു.

ഇന്നലെ വെട്ടം പറവണ്ണ ജിഎംയുപി സ്കൂൾ, ഏഴൂർ എംഡിപിഎസ്, തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ എംഎൽഎ സന്ദർശനം നടത്തിയിരുന്നു.താനൂർ ∙ നഗരസഭയിലെ ശോഭ ജിഎൽപി സ്കൂൾ, പരിയാപുരം ജിഎൽപി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് ശോഭപറമ്പ് ക്ഷേത്രകമ്മിറ്റി ഉച്ചഭക്ഷണം വിതരണം ചെയ്തു. ക്ഷേത്രാങ്കണത്തിൽ പാകം ചെയ്ത ഭക്ഷണം കമ്മിറ്റി പ്രവർത്തകർ ക്യാംപുകളിൽ എത്തിക്കുകയായിരുന്നു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com