തീരത്ത് മുറിവേൽപിക്കാതെ ഭാരതപ്പുഴ; വെള്ളക്കെട്ടും ചെളിയും ബാക്കി
Mail This Article
പൊന്നാനി ∙ തീരത്ത് മുറിവേൽപിക്കാതെ ഭാരതപ്പുഴ മടങ്ങി. ജലനിരപ്പ് സാധാരണ നിലയിലേക്കെത്തി. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു കുടുംബങ്ങൾ വീടുകളിലേക്കു തിരിച്ചു. പുഴ കരകവിഞ്ഞതോടെ തീരപ്രദേശത്തെ കുടുംബങ്ങൾ പൂർണമായി വീടൊഴിഞ്ഞിരുന്നു. മിക്കവരും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടങ്ങി. വീടുകൾക്കുള്ളിൽ നിറഞ്ഞ ചെളിയും മണലും ഏറെ പാടുപെട്ടാണു നീക്കം ചെയ്തത്. മിക്കയിടങ്ങളിലും ഇപ്പോഴും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഒഴുക്കിവിടാൻ ഇടമില്ലാത്തതാണ് നിലവിലെ വെല്ലുവിളി.
ചെളി നിറഞ്ഞു ഗതാഗതം ദുഷ്കരമായ ഭാഗങ്ങൾ ഇന്നലെ നഗരസഭ മുൻകയ്യെടുത്തു വൃത്തിയാക്കി. നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, പൊന്നാനി പൊലീസ്, ആശാ പ്രവർത്തകർ, എൻഎസ്എസ് വൊളന്റിയർമാർ തുടങ്ങിയവർക്കൊപ്പം നാട്ടുകാരും ഇന്നലെ രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി.