മലമ്പുഴ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നു ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; ജാഗ്രതാ നിർദേശം
Mail This Article
പൊന്നാനി ∙ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ്. തീരത്തു ജാഗ്രതാ നിർദേശം. ഇന്നലെ രാത്രി 7ന് ശേഷവും ജലനിരപ്പിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ തുറന്നിരുന്നു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെങ്കിലും തീരവാസികൾ ജാഗ്രത പാലിക്കണമെന്നു തഹസിൽദാർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പുകൾ നൽകിയിരുന്നു.രാത്രിയിലും ജലനിരപ്പിൽ വലിയ വ്യതിയാനമില്ലാതായതോടെ നാട്ടുകാർക്ക് ആശ്വാസമായി.ദിവസങ്ങൾക്കു മുൻപു പുഴ നാട്ടുകാരെ ഭയപ്പെടുത്തിയതാണ്. തുടർച്ചയായ മഴയിൽ പുഴ കരകവിഞ്ഞു കർമ റോഡരികിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായിരുന്നു.
റോഡുകളും ഇടവഴികളും തോടുകളുമെല്ലാം ഒന്നായ അവസ്ഥയായിരുന്നു.രണ്ടു ദിവസത്തോളം മേഖലയിലെ മുഴുവൻ കുടുംബങ്ങളും വീടൊഴിയേണ്ടി വന്നു. ഒട്ടേറെ കുടുംബങ്ങൾ, അടിയന്തിരമായി തുറന്ന ദുരിതാശ്വാസ ക്യാംപിലാണ് ഇടം നേടിയത്. ഇതിനുശേഷം വീടുകളിലേക്കു തിരിച്ചെത്തിയ കുടുംബങ്ങൾ ഏറെ പാടുപെട്ടാണു വീടുകൾ വൃത്തിയാക്കിയെടുത്തത്.വീടുകൾക്കകം ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. നാട്ടുകാരുടെയും വിവിധ കൂട്ടായ്മകളുടെയും ജനപ്രതിനിധികളുയെും ഒരുമിച്ചുള്ള പ്രയത്നത്തിലാണു വീടുകളും റോഡുകളുമെല്ലാം പഴയപടിയാക്കിയത്.