മാലിന്യം അടിഞ്ഞ പുൽക്കാടുകൾ, മണൽത്തിട്ട; ‘കാടു മൂടി’ ഭാരതപ്പുഴ
Mail This Article
പൊന്നാനി ∙ കൂറ്റൻ മരങ്ങൾ.. മാലിന്യം അടിഞ്ഞു കൂടിയ പുൽക്കാടുകൾ.. ഇഴ ജന്തുക്കളുടെയും കുറുക്കന്മാരുടെയും വാസസ്ഥലം.. – പറഞ്ഞു വരുന്നത് കാടിനെക്കുറിച്ചല്ല, പൊന്നാനിയിലെ ഭാരതപ്പുഴയെക്കുറിച്ചാണ്. കര കവിഞ്ഞ പുഴ തിരിച്ചറങ്ങിയപ്പോൾ ഇൗ കാട്ടിൽ മാലിന്യവും അടിഞ്ഞു കൂടി. വർഷങ്ങളായി തുടരുന്ന പുൽക്കാടുകൾ പുഴയിലെ ഒഴുക്കിനെ തന്നെ കാര്യമായി ബാധിച്ചിരിക്കുന്നു.
ജലനിരപ്പുയരുന്ന സമയങ്ങളിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ പുഴയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇൗ പുൽക്കാടുകളിലും മരങ്ങളിലും ബോട്ടും വള്ളങ്ങളും തടയുന്ന സ്ഥിതിയുണ്ട്. പുഴയിലെ ഒഴുക്കിനെ ബാധിക്കുന്ന കൂറ്റൻ മണൽത്തിട്ടകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. രണ്ടു ദിവസം തുടർച്ചായായി മഴ പെയ്താൽ പെട്ടെന്നു തന്നെ പുഴയിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.
പുൽക്കാടുകൾക്കിടയിൽ വളരുന്ന ഇഴ ജന്തുക്കൾ തീരമേഖലയിലെ കുടുംബങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. പുഴ മധ്യത്തിലെ വലിയ മണൽതിട്ടയ്ക്കും ചങ്ങണക്കാടിനും പുറമേയാണ് പുഴയുടെ തീര ഭാഗങ്ങളിലും വലിയ കാടുകൾ രൂപപ്പെട്ടിരിക്കുന്നത്.
തീരദേശത്ത് പ്രളയ സാഹചര്യം ഉണ്ടാക്കുന്ന ഇൗ അവസ്ഥയ്ക്ക് കാരണമാകുന്ന മണൽ തിട്ടയും പുൽക്കാടുകളും നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ. പുഴ മധ്യത്തിലെ ചങ്ങണക്കാടുകളിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തി വിട്ട് മാംസ വിൽപനയ്ക്ക് യോജ്യമായ വളർച്ചയിലെത്തുമ്പോൾ തിരിച്ചു കൊണ്ടുപോകുന്ന സംഘവും സജീവമായിരിക്കുകയാണ്.