സുന്ദരമായ ഷൊർണൂർ – നിലമ്പൂർ റെയിൽപാത: കാഴ്ചകൾ കാണാൻ വിസ്‌റ്റാഡം കോച്ചുകൾ ആരംഭിക്കണം
Mail This Article
സഞ്ചാരികൾക്കു ഷൊർണൂർ – നിലമ്പൂർ പാതയുടെ സൗന്ദര്യം കൺകുളിർക്കെ കണ്ടു യാത്ര ചെയ്യുന്നതിനു വിസ്‌റ്റാഡം കോച്ചുകൾ ആരംഭിക്കണം
പെരിന്തൽമണ്ണ∙ ഷൊർണൂർ – നിലമ്പൂർ റെയിൽപാതയിൽ ഗുൽമോഹർ പൂക്കളാൽ ചുവന്നുകിടന്ന മേലാറ്റൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിന്റെ സൗന്ദര്യം കോവിഡ് കാലത്തു കേന്ദ്ര റെയിൽവേ മന്ത്രിതന്നെ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. പ്രമുഖരായ ഒട്ടേറെപ്പേരാണ് അന്നിതു ഷെയർ ചെയ്‌ത് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്. അത്രയ്‌ക്കുണ്ട് ഈ പാതയുടെ വശ്യസൗന്ദര്യം.
മഞ്ഞുപെയ്യുന്ന, പച്ചപ്പുതപ്പണിഞ്ഞ റെയിൽപാത. തേക്കിൻകാടും ജലാശയങ്ങളും വയൽപരപ്പുകളും മലകളും പുഴകളുമെല്ലാം ഈ യാത്രയിൽ ആസ്വദിക്കാം. ഈ മനോഹാരിത ഒപ്പിയെടുത്ത മലയാള സിനിമകളുമേറെയുണ്ട്. പാത വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു മേലാറ്റൂരിലെ ഗുൽമോഹർ ഉൾപ്പെടെ കുറേയേറെ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടെങ്കിലും പാതയുടെ സൗന്ദര്യത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല.
ഷൊർണൂർ – നിലമ്പൂർ പാതയിലെ ഒന്നര മണിക്കൂറോളം വരുന്ന ട്രെയിൻ യാത്ര കേരളത്തിൽ ടൂറിസ്‌റ്റുകൾക്കു ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ വിനോദയാത്രയാണെന്നു പറയാം. പാതയുടെ മനോഹാരിത ആസ്വദിക്കുന്നതിനു മാത്രമായി പലയിടങ്ങളിൽനിന്നും നിലമ്പൂരിലേക്കു ട്രെയിൻ കയറുന്ന ഒട്ടേറെപ്പേരെ ട്രെയിനുകളിൽ കാണാം.
കുലുക്കല്ലൂരിനും ചെറുകരയ്‌ക്കും ഇടയ്‌ക്കു കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയ്‌ക്കു കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാർ പുഴയും മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷക നദിയായ ഒലിപ്പുഴയും വാണിയമ്പലത്തിനും നിലമ്പൂർ റോഡിനും ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയും മൃഗങ്ങളും പക്ഷികളുമെല്ലാം ട്രെയിൻയാത്രയിലെ കാഴ്‌ചകളാണ്.
ഒരിക്കലെങ്കിലും ഇതുവഴി യാത്ര ചെയ്‌തവർക്കു മറക്കാനാകില്ല ഈ യാത്രാനുഭൂതി.എന്നാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും വിസ്‌തൃതമായ സ്ഥലവും സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും ഈ കാനനപാതയുടെ സൗന്ദര്യം ഇക്കോ ടൂറിസമാക്കി വികസിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ കുറ്റകരമായ ഉദാസീനത കാട്ടി.
നിലമ്പൂരിലെ ഇക്കോ ടൂറിസം സാധ്യതകളെ കൂട്ടിയിണക്കി ഈ റൂട്ടിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഒരു നിലയ്‌ക്കും ഉണ്ടായില്ല. ഈ സാധ്യതകളെക്കുറിച്ചുള്ള ഗൗരവമായ പഠനം പോലും നടന്നില്ല.സഞ്ചാരികൾക്കു പാതയുടെ സൗന്ദര്യം കൺകുളിർക്കെ കണ്ടു യാത്ര ചെയ്യുന്നതിനു വിസ്‌റ്റാഡം കോച്ചുകൾ ആരംഭിക്കാനാകണം. പ്രകൃതിഭംഗിയും കാഴ്‌ചകളും ആസ്വദിച്ചു യാത്ര ചെയ്യാൻ അവസരമൊരുക്കുന്നവിധം കോച്ചിന്റെ വശങ്ങളിലും മുകളിലും പിറകിലും വലിയ ഗ്ലാസ് ജനലുകൾ ഘടിപ്പിച്ചിട്ടുള്ളവയാണു വിസ്‌റ്റാഡം കോച്ചുകൾ.
പാതയിലെ പ്രധാന സ്‌റ്റേഷനുകളായ നിലമ്പൂരിൽ ടൂറിസം ഇൻഫർമേഷൻ സെന്ററും ആരംഭിക്കണം. ടൂറിസം സാധ്യതകൾക്കുകൂടി ഉപയോഗപ്പെടുത്താൻ ക്ലോക്ക് റൂമും ഡോർമെറ്ററിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിലമ്പൂരിൽ വേണം.ബ്രിട്ടിഷുകാർ പണിത പാതയിൽനിന്ന് നാമമാത്രമായ വിപുലീകരണ പ്രവൃത്തികളാണ് ഇതുവരെ നടന്നത്. ഒരു നൂറ്റാണ്ടു പിന്നിട്ട പാത ഇപ്പോഴും നിലമ്പൂർ വരെ എത്തിനിൽക്കുകയാണ്.
ഒട്ടേറെ സാധ്യതകളുള്ള സ്വപ്‌നപദ്ധതിയായ നിലമ്പൂർ – സുൽത്താൻ ബത്തേരി – നഞ്ചൻകോട് റെയിൽപാതയ്‌ക്കു 2016ൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതാണ്. അന്തിമ സ്ഥലനിർണയ സർവേ അവസാന ഘട്ടത്തിലാണ്. ഇതിനു ശേഷമാണു പദ്ധതിയുടെ ഡിപിആർ തയാറാക്കി റെയിൽവേ ബോർഡ് പരിഗണിക്കുക.
കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പദ്ധതി ഉൾപ്പെടുത്താനായതാണ് ആശ്വാസം. മലബാറിന്റെ മുഖഛായ തന്നെ മാറ്റുന്ന ഈ പദ്ധതിക്കും വേഗം കൂട്ടേണ്ടതുണ്ട്. കൂടാതെ പാത വിപുലീകരണത്തിനുള്ള കൂടുതൽ പദ്ധതികളും ഉണ്ടാകണം. അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പാതയിൽ പട്ടിക്കാട്ടും ചെറുകരയിലും റെയിൽവേ മേൽപാലങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഫെബ്രുവരി 26ന് തറക്കല്ലിട്ടു.
ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇതുവരെയും ജീവൻ വച്ചിട്ടില്ല. ഗതാഗതക്കുരുക്കേറിയ രണ്ടിടങ്ങളിലും മേൽപാലം സജ്ജമാകുന്നതോടെ പ്രദേശങ്ങളുടെ വികസനക്കുതിപ്പിനും വഴിയൊരുക്കും. അതേസമയം, വാണിയമ്പലത്തു മേൽപാലത്തിന്റെ മണ്ണുപരിശോധന ഇന്നലെ തുടങ്ങി. ഇനി നിർമാണം വേഗത്തിലാകുമെന്നു പ്രതീക്ഷിക്കാം.