ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി, ഉദ്യോഗസ്ഥര്‍ ഒപ്പം നിന്നു; സുലൈഖയുടെ വീട്ടിൽ വൈദ്യുതിയെത്തി
Mail This Article
തിരൂരങ്ങാടി ∙ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി, വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഒപ്പം നിന്നു, ഒറ്റയ്ക്ക് താമസിക്കുന്ന സത്രീക്ക് ഒരാഴ്ച്ചക്കുള്ളിൽ റേഷൻ കാർഡും വീട്ടിൽ വൈദ്യുതിയുമെത്തി. കക്കുന്നത്ത്പാറ കറുത്തോൻ സുലൈഖയ്ക്കാണ് (61) വീട്ടിൽ വൈദ്യുതി എത്തിയത്. വീട്ടിൽ വിളക്ക് കത്തിക്കാൻ മണ്ണെണ്ണ ആവശ്യപ്പെട്ട് നഗരസഭ ഓഫിസിലെത്തിയതായിരുന്നു സുലൈഖ. കൗൺസിലർമാർ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് അറിയുന്നത്.
3 സെന്റ് ഭൂമിയിൽ ആശ്രയ പദ്ധതിയിൽ നിർമിച്ച വീട്ടിലാണ് താമസിക്കുന്നത്. സുലൈഖയുടെ അവസ്ഥ മനസ്സിലാക്കിയ കൗൺസിലർമാർ ഇവരെ സഹായിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ചെറ്റാലി അബ്ദുറസാഖ് ഹാജിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ അലിമോൻ തടത്തിൽ, മുസ്തഫ പാലാത്ത്, സി.എച്ച്.അജാസ്, കെ.പി.സെയ്തലവി, അരിമ്പ്ര മുഹമ്മദലി എന്നിവർ ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി.
റേഷൻ കാർഡിനും വൈദ്യുതി കണകഷനും നൽകിയ അപേക്ഷകൾ ഉദ്യോഗസ്ഥർ വേഗത്തിൽ ശരിയാക്കി നൽകി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സുലൈഖയുടെ വീട്ടിൽ വെളിച്ചമെത്തിച്ചു. വീട്ടിൽ വച്ച് റേഷൻ കാർഡും കൈമാറി. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കും വരെ സുലൈഖയുടെ വീട്ടിലെ വൈദ്യുതി ബില്ല് ഇതിന് നേതൃത്വം നൽകിയ കൗൺസിലർമാർ വഹിക്കും.