വിമാനത്താവളത്തിൽ ഓട്ടോകൾക്ക് ‘വിലക്ക്’; ബോർഡ് സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും യാത്രക്കാരും ഓട്ടോ തൊഴിലാളികളും. എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച് ഓട്ടോറിക്ഷകൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമുണ്ട്. എങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇതുവരെ ഓട്ടോറിക്ഷകളെ തടഞ്ഞിരുന്നില്ല.
ഓഗസ്റ്റ് 16 മുതൽ ട്രാഫിക് പരിഷ്കരണം നിലവിൽ വന്നതിന്റെ ഭാഗമായാണ് ‘ഓട്ടോറിക്ഷയ്ക്ക് പ്രവേശനമില്ല’ എന്നു കാണിച്ച് എയർപോർട്ട് അതോറിറ്റി പുതിയ ബോർഡ് സ്ഥാപിച്ചത്. അകത്തേക്കു പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും കവാടത്തിനു മുൻപിൽ സ്ഥാപിച്ച ബോർഡിലുണ്ട്. ദേശീയപാതയോരത്ത് ബസ് ഇറങ്ങി വിമാനത്താവളത്തിലെത്താൻ ഒട്ടേറെ പേർ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകൾ തടഞ്ഞാൽ യാത്രക്കാർ പ്രയാസപ്പെടും.
കവാടത്തിൽ ഓട്ടോറിക്ഷകളെ തടയരുതെന്നും യാത്രക്കാരെ ടെർമിനലിനു മുൻപിൽ ഇറക്കാൻ അനുമതി വേണമെന്നുമാണു പ്രധാന ആവശ്യം. ഓട്ടോറിക്ഷാ തൊഴിലാളികളും ഓട്ടോ റിക്ഷയിലെത്തുന്ന യാത്രക്കാരും നേരിടുന്ന അസൗകര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി എയർപോർട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു. തീരുമാനത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നു മോട്ടർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.ബാലൻ, മുഹമ്മദ് അഷ്റഫ് കീടക്കാടൻ, വേലായുധൻ മുച്ചിക്കൽ, ഷാഹുൽ, ജയരാജൻ വിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു. എയർപോർട്ട് അതോറിറ്റി സ്ഥാപിച്ച ബോർഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിതീഷ് പള്ളിക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഹഫീസ് കൊല്ലാരൻ, സുബീഷ് പള്ളിക്കൽ, സി.കെ.ജിഹാദ്, അഫീഫ് പാണാളി, മുഹമ്മദ് ഹനീഷ് കാളോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോർഡ് മറച്ച് പ്രതിഷേധിച്ചത്.