നെടുങ്കയം ഇരുമ്പുപാലത്തിൽ അപകടം; പുഴയിൽവീണ കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു
Mail This Article
കരുളായി∙ ഉൾവനത്തിൽ പാലത്തിൽനിന്നു പുഴയിൽ വീണ രണ്ടര വയസ്സുകാരനെ സിവിൽ പൊലീസ് ഓഫിസർ രക്ഷപ്പെടുത്തി. സ്വന്തം ജീവൻ അവഗണിച്ചു പാലത്തിൽനിന്ന് 50 അടി താഴ്ചയിൽ പുഴയിലേക്ക് എടുത്തുചാടിയാണു നിലമ്പൂർ സ്റ്റേഷനിലെ എൻ.കെ.സജിരാജ് കുഞ്ഞിനെ രക്ഷിച്ചത്. നെടുങ്കയം ഇരുമ്പുപാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. തിരൂരിൽനിന്ന് ഉല്ലാസയാത്ര വന്ന കുടുംബത്തിലെ കുഞ്ഞാണ് അപകടത്തിൽപെട്ടത്. കുട്ടികൾ ഉൾപ്പെടെ 10 പേർ സംഘത്തിലുണ്ടായിരുന്നു. നെടുങ്കയം നഗർ സ്വദേശിയാണു സജിരാജ്.
ഇരുമ്പു ഗർഡറുകൾ കൊണ്ടു നിർമിച്ചതാണു നെടുങ്കയം പാലം. വശങ്ങളിൽ അഴികളാണ്. പാലത്തിലൂടെ കുടുംബം നടക്കവെ, അഴികൾക്കിടയിലെ വിടവിലൂടെ കുഞ്ഞ് പുഴയിൽ പതിച്ചു. രാത്രി പട്രാേളിങ് കഴിഞ്ഞു സജിരാജിന് ഇന്നലെ പകൽ ഡ്യൂട്ടി ഓഫ് കിട്ടിയതാണ്. പാലത്തിനു സമീപം വാച്ചർമാരുടെ ഷെഡിൽ കൂട്ടുകാർക്കാെപ്പം സജിരാജ് സംസാരിച്ചിരിക്കുകയായിരുന്നു. പാലത്തിൽനിന്നു നിലവിളി കേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ കുഞ്ഞ് പുഴയിലൂടെ ഒലിച്ചുപോകുന്നതാണു കണ്ടത്. ആലോചിക്കാൻ നിൽക്കാതെ സജിരാജ് പുഴയിലേക്ക് എടുത്തുചാടി.
നീന്തിയെത്തി കുഞ്ഞിനെ കൈപ്പിടിയിലാക്കി കരയ്ക്കെത്തിച്ചു. വിവരം അറിഞ്ഞു നെടുങ്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ.രാഗേഷും സംഘവും സ്ഥലത്തെത്തി. കുഞ്ഞിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനാക്കി. കുഴപ്പമില്ലെന്നു കണ്ടു വിട്ടു. 1936ൽ ബ്രിട്ടിഷുകാരനായ ഫോറസ്റ്റ് എൻജിനീയർ ഇ.ജെ.ഡോസൻ നിർമിച്ച നെടുങ്കയം പാലം അപകട മേഖലയാണ്. ഒട്ടേറെപ്പേർ കയത്തിൽ മുങ്ങിമരിച്ചിട്ടുണ്ട്. 1938ൽ നീന്തിക്കുളിക്കാൻ പാലത്തിൽനിന്നു പുഴയിലേക്കു ചാടിയ ഡോസൻ മുങ്ങിമരിച്ചു. നെടുങ്കയത്ത് രേഖപ്പെടുത്തിയ ആദ്യ അപകട മരണം. 2024 ഫെബ്രുവരിയിൽ പ്രകൃതിപഠന ക്യാംപിനെത്തിയ 2 വിദ്യാർഥികൾ കുളിക്കുന്നതിനിടെ ഇവിടെ മുങ്ങിമരിച്ചു.