പോയത് ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ്; വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാൻ പോയ വിഷ്ണുജിത്ത് എവിടെ?
Mail This Article
മലപ്പുറം ∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ വിവാഹ ദിവസവും മടങ്ങിയെത്തിയില്ല. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 4 ദിവസം മുൻപു കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് ബുധനാഴ്ച രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്.
വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.
ജോലി സ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാൻഡിലെത്തിയതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, വിഷ്ണുജിത്തിന്റെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ചത് കഞ്ചിക്കോട്ടാണെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പാലക്കാട്ടെത്തിയ ശേഷം പിന്നീട് കഞ്ചിക്കോട്ടേക്കു തിരിച്ചുപോയിട്ടുണ്ടാകാമെന്നാണു നിഗമനം. ബുധനാഴ്ച വൈകിട്ട് സഹോദരിയുടെ അക്കൗണ്ടിലേക്കു 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാൽ, കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.