തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം: ജില്ലയിൽ കൂടുതലായി 249 വാർഡുകൾ
Mail This Article
മലപ്പുറം∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ വർധിക്കുന്നതു 249 വാർഡുകൾ. ഗ്രാമപ്പഞ്ചായത്തിൽ 223, ബ്ലോക്ക് പഞ്ചായത്തിൽ 25, ജില്ലാ പഞ്ചായത്തിൽ ഒന്ന് എന്നിങ്ങനെയാണു വർധിക്കുന്ന വാർഡുകളുടെ എണ്ണം. നഗരസഭകളിലെ പുനർവിഭജനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. ജില്ലയിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളുടെ എണ്ണം കൂടിയിട്ടുണ്ട്. താനൂരിൽ 17 ആയി തുടരും. വർധിക്കുന്ന വാർഡുകളുടെ എണ്ണം തീരുമാനിച്ചതോടെ പുനർവിഭജനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇനി വാർഡുകളുടെ അതിർത്തി പുനർനിർണയിക്കുന്ന നടപടികളിലേക്കു കടക്കും. പുതിയ വിഭജനത്തോടെ ഗ്രാമപ്പഞ്ചായത്തുകളിലെ പരമാവധി വാർഡുകളുടെ എണ്ണം 24 ആയി. ഇതുവരെ 23 ആയിരുന്നു.
വർധന ഇങ്ങനെ
∙ഗ്രാമപ്പഞ്ചായത്തുകളിൽ പരമാവധി 4 വാർഡുകൾവരെയാണു വർധിച്ചത്. ജില്ലയിൽ 4 വാർഡുകൾ വർധിച്ച പഞ്ചായത്തുകൾ ഇവയാണ്: കാവനൂർ, പൂക്കോട്ടൂർ, മാറാക്കര, കണ്ണമംഗലം.
∙പുതിയ വിഭജനത്തോടെ ഏറ്റവും കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകൾ (24 വീതം) : വഴിക്കടവ്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, തൃക്കലങ്ങോട്, വണ്ടൂർ, പള്ളിക്കൽ, പുളിക്കൽ, ഊർങ്ങാട്ടിരി, പുൽപറ്റ, ആനക്കയം, ആലിപ്പറമ്പ്, താഴെക്കോട്, കുറുവ, അങ്ങാടിപ്പുറം, ആതവനാട്, മാറാക്കര, കുറ്റിപ്പുറം, എ.ആർ.നഗർ, വേങ്ങര, കണ്ണമംഗലം, വള്ളിക്കുന്ന്, മൂന്നിയൂർ, നന്നമ്പ്ര, താനാളൂർ, തൃപ്രങ്ങോട്, തിരുനാവായ.
∙ഏറ്റവും കുറവു വാർഡുകളുള്ള പഞ്ചായത്ത്: മക്കരപ്പറമ്പ് (15)
∙ബ്ലോക്ക് പഞ്ചായത്തുകളിലെ പുതിയ ഡിവിഷനുകളുടെ എണ്ണം. വർധന ബ്രാക്കറ്റിൽ: നിലമ്പൂർ 15 (2), വണ്ടൂർ 18 (3), കൊണ്ടോട്ടി 18 (1), അരീക്കോട് 19 (3), മലപ്പുറം 17 (2), പെരിന്തൽമണ്ണ 19 (2), മങ്കട 15 (2), കുറ്റിപ്പുറം 17 (1), വേങ്ങര 18 (3), തിരൂരങ്ങാടി 16 (1), താനൂർ 17 (0), തിരൂർ 17 (2), പൊന്നാനി 14 (1), പെരുമ്പടപ്പ് 14 (1), കാളികാവ് 16 (2).
∙ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർധിച്ച് ആകെ 33 ആയി. ഇതിൽ 17 എണ്ണം വനിതാ സംവരണമായിരിക്കും. 3 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികജാതി വനിതകൾക്കും സംവരണം ചെയ്ത ഡിവിഷനുകളാണ്.