ഉദ്ഘാടനത്തിനൊരുങ്ങി പുളിക്കക്കടവ് തൂക്കുപാലം
Mail This Article
പൊന്നാനി ∙ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പുളിക്കക്കടവ് തൂക്കുപാല ഇന്ന് പി.നന്ദകുമാർ എംഎൽഎ നാടിന് സമർപ്പിക്കും. പുളിക്കക്കടവ് തൂക്കുപാലവും ടൂറിസം പ്രദേശവും ഇനി പൊന്നാനി നഗരസഭയുടെ അടയാളം. പാലം തുറക്കുന്നതിനു പിന്നാലെ വൻതോതിലുള്ള ടൂറിസം പദ്ധതി കൂടി നടപ്പാക്കാൻ നഗരസഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ തൂക്കുപാലം നവീകരിച്ചത്. അവകാശത്തർക്കത്തെത്തുടർന്ന് പാലം നവീകരണം പ്രതിസന്ധിയിലായരുന്നു.
ഡിടിപിസിയുടെ കീഴിലുള്ള പാലം നവീകരിക്കേണ്ടത് ഡിടിപിസിയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭയും പാലത്തിന്റെ നടത്തിപ്പ് അവകാശം നഗരസഭയ്ക്കാണെന്നും നഗരസഭയാണ് പാലം നവീകരിക്കേണ്ടതെന്ന് ഡിടിപിസിയും പറഞ്ഞു. തർക്കം തുടർന്നതോടെ തുരുമ്പെടുത്ത പാലം തകർച്ചയുടെ വക്കിലെത്തി. ഇതോടെ യാത്രാനുമതി നിഷേധിച്ച് പാലത്തിന്റെ ഇരു ഭാഗങ്ങളും അടച്ചു. ഇടക്കാലത്ത് കടത്തു സർവീസ് തുടങ്ങിയെങ്കിലും അപകട ഭീഷണി ഉയർന്നതിനെത്തുടർന്ന് കടത്തും നിർത്തേണ്ടി വന്നു.
പാലം എത്രയും വേഗം നവീകരണക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തു വന്നതോടെ നഗരസഭ നിലപാട് മാറ്റുകയായിരുന്നു. പദ്ധതി പ്രദേശം ഡിടിപിസി നഗരസഭയ്ക്ക് വിട്ടു തരികയാണെങ്കിൽ അറ്റകുറ്റപ്പണികൾ നടത്താമെന്ന് നഗരസഭ ഉറപ്പു നൽകി. നഗരസഭയുടേതല്ലാത്ത പദ്ധതിയിലേക്ക് പണം ചെലവഴിക്കാൻ നിയമതടസ്സമുണ്ടെന്നായിരുന്നു വാദം. ഇൗ വാദം അംഗീകരിച്ച് ഡിടിപിസി ഭൂമി വിട്ടു നൽകുകയായിരുന്നു. ഇതോടെയാണ് നഗരസഭ പാലം നവീകരിക്കാൻ നടപടി തുടങ്ങിയത്.