നാടുകാണി ചുരത്തിൽ യാത്രാദുരിതം: കേരളം ‘ ഓകെ’ തമിഴ്നാട് ‘ശരിയല്ല’
Mail This Article
എടക്കര ∙ നാടുകാണി ചുരത്തിൽ സംസ്ഥാന അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചാൽ പിന്നെ കുഴികൾ ചാടിക്കടന്ന് വേണം യാത്ര ചെയ്യാൻ. സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജംക‍്ഷൻ വരെ 4 കിലോമീറ്ററോളം ദൂരം റോഡ് നിറയെ കുഴികളാണ്.
വലിയ കുഴികളിൽ ചാടി വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടങ്ങളും യാത്രതടസ്സവും പതിണ്. ഞായറാഴ്ച രാത്രി തടി ലോഡുമായെത്തിയ ലോറി കുഴിയിൽ ചാടി മറിഞ്ഞ് മൂന്നര മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വനമേഖലയിൽ കുടുങ്ങിയത്. 2 മാസത്തിനിടയിൽ ഏഴാമത്തെ ചരക്കുലോറിയാണ് ചുരത്തിൽ തമിഴ്നാടിന്റെ ഭാഗത്ത് മറിയുന്നത്.
കുഴിയിൽ ചാടി ബൈക്ക് യാത്രക്കാരായ 4 പേർക്ക് സാരമായ പരുക്കേറ്റിട്ടുമുണ്ട്. റോഡിന്റെ തകർച്ച കാരണം ചുരം വഴിയുള്ള ചരക്കുനീക്കവും പ്രതിസന്ധിയിലായിട്ടുണ്ട്. ടോറസ് ഉൾപ്പെടെ കൂടുതൽ ഭാരവുമായെത്തുന്ന വാഹനങ്ങൾക്ക് ഇതുവഴി വരാൻ സാധിക്കുന്നില്ല.
തമിഴ്നാട് സർക്കാരിന് അവഗണന
നാടുകാണി ചുരം പാതയോട് തമിഴ്നാടിന് എന്നും അവഗണനയാണ്. സംസ്ഥാന അതിർത്തി മുതൽ നാടുകാണി വരെയുള്ള ഭാഗത്ത് ഒരു കാലത്തും ശാസ്ത്രീയമായ രീതിയിൽ റോഡ് നവീകരണം നടത്താറില്ല. തകരുന്ന ഭാഗം അറ്റകുറ്റപ്പണി നടത്തും. ഇത് വൈകാതെ പഴയ സ്ഥിതിയിലാകുകയും ചെയ്യും. എന്നാൽ, നാടുകാണി ജംക്‌ഷൻ കഴിഞ്ഞാൽ ഗൂഡല്ലൂർ – കോഴിക്കോട് റോഡ് നവീകരിക്കുന്നുമുണ്ട്.മലബാറിൽ നിന്നുള്ള കൂടുതൽ വാഹനങ്ങളും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് നാടുകാണി ചുരം വഴിയാണ്. ഈ വാഹനങ്ങളിൽ നിന്നു ടോൾ ഇനത്തിൽ മാസംതോറും പിരിച്ചെടുക്കുന്നത് ലക്ഷങ്ങളാണ്.
കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്
കുഴികളിൽ ചാടി കെഎസ്ആർടിസി ബസുകളുടെ ലീഫ് സെറ്റ് പൊട്ടുകയാണെന്നും ഈ നിലയിൽ ഇനിയും ഓടാനാവില്ലെന്നും അധികൃതർ പറയുന്നു. നാടുകാണി ചുരം വഴി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വയനാട്ടിലേക്കുമായി കെഎസ്ആർടിസിയുടെ മുപ്പതോളം ബസുകൾ എഴുപതോളം സർവീസുകളാണ് ഓരോ ദിവസവും നടത്തുന്നത്. ഇതിൽ മിക്ക ദിവസങ്ങളിലും നാലും അഞ്ചും ബസുകൾക്ക് റോഡിലെ കുഴികളിൽ ചാടി തകരാറിലാവുന്നുണ്ട്. ഇതിൽ കൂടുതലും ലീഫ് സെറ്റ് പൊട്ടിയുള്ള തകരാറാണ്. ബസ് കേടായാൽ യാത്രക്കാർ പെരുവഴിയാണ്. പിന്നെ, മണിക്കൂറുകൾ കഴിഞ്ഞാണ് യാത്ര തുടരാൻ സാധിക്കുന്നത്