പച്ചത്തേങ്ങ കിലോയ്ക്ക് 43 രൂപ; വിലയുണ്ട്, തേങ്ങയില്ല
Mail This Article
എടപ്പാൾ∙ തോട്ടങ്ങളിൽ തേങ്ങ ഉൽപാദനം കുറവുള്ളപ്പോൾ വില ഉയരുന്നതു കർഷകർക്ക് ഉപകരിക്കാതെ പോകുന്നു. പച്ചത്തേങ്ങയ്ക്ക് ഇന്നലെ കിലോയ്ക്ക് 43 രൂപയായിരുന്നു വില. ഈ വർഷം ആദ്യമാണു തേങ്ങാവില 40നു മുകളിൽ എത്തിയതെന്നു വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 28 രൂപ വിലയുള്ളപ്പോൾ തോട്ടങ്ങളിൽ തേങ്ങയുടെ ഉൽപാദനം കൂടുതലായ സമയമായിരുന്നു. എന്നാൽ നിലവിൽ തേങ്ങ ഉൽപാദനം തീരെ കുറവാണ്. അതുകൊണ്ടുതന്നെ വിലകൂടിയതിന്റെ ഗുണം കർഷകർക്കു ലഭിക്കാതെ പോവുകയാണ്. കിലോയ്ക്ക് 33 രൂപയാണു സർക്കാർ താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിനു പുറമേ കർണാടകയിലും തമിഴ്‌നാട്ടിലും തേങ്ങയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണു വില കുത്തനെ ഉയരാൻ കാരണമായത്. വേനൽക്കാലത്തു തേങ്ങയുടെ ഉൽപാദനം മറ്റു സംസ്ഥാനങ്ങളിലും കൂടുതലായിരുന്നു. നിലവിൽ വിളവെടുപ്പു കുറഞ്ഞ അവസ്ഥയിലാണ്. ഉൽപാദനം കുറഞ്ഞതോടെ കേരളത്തിലെ സ്വകാര്യ പച്ചത്തേങ്ങ സംഭരണകേന്ദ്രങ്ങളിൽനിന്നു തമിഴ്‌നാട്ടിലേക്കു തേങ്ങ കയറ്റിപ്പോകുന്നതു നിലച്ചിരിക്കുകയാണ്. വില വർധിച്ചതോടെ വെളിച്ചെണ്ണയുടെ വിലയിലും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. തമിഴ്‌നാട്ടിൽനിന്നു തേങ്ങ ഉണക്കി വെളിച്ചെണ്ണയാക്കിയാണു കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.