പി.വി.അൻവറിന്റെ യോഗത്തിൽ പങ്കെടുത്തവരിൽ പാർട്ടിക്കാരുണ്ടോ എന്നു പരിശോധിക്കാൻ സിപിഎം
Mail This Article
മലപ്പുറം ∙ നിലമ്പൂരിൽ പി.വി.അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനെത്തിയ വൻ ജനാവലിയെ കൗതുകം കാരണമെത്തിയ ആൾക്കൂട്ടമെന്നു വിശദീകരിക്കുമ്പോഴും പാർട്ടിയിൽനിന്ന് എത്രപേർ പങ്കെടുത്തുവെന്ന് പരിശോധിക്കാൻ സിപിഎം. കോൺഗ്രസ്, ലീഗ് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം സിപിഎമ്മിനോട് ചേർന്നുനിൽക്കുന്ന ഒട്ടേറെപ്പേർ പങ്കെടുത്തുവെന്നാണു വിലയിരുത്തൽ. പാർട്ടിയുമായി സഹകരിക്കുന്ന ആയിരക്കണക്കിന് അനുഭാവികൾ അൻവറിന്റെ യോഗത്തിനെത്തിയെന്ന നിഗമനത്തിലാണു സിപിഎം.
അൻവർ ഉയർത്തുന്ന പ്രശ്നങ്ങൾക്കു സ്വീകാര്യത ലഭിക്കുന്നതിനാൽ അതിനെ ശക്തമായി പ്രതിരോധിക്കാനാണു തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനായി സിപിഎമ്മിന്റെ നിലമ്പൂർ, എടക്കര ഏരിയ കമ്മിറ്റി ഭാരവാഹികൾ ഇന്നു മാധ്യമങ്ങളെ കാണും. പാർട്ടി പദവികൾ വഹിക്കുന്നവരാരും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. സ്വാഗതം പറഞ്ഞ മുൻ ഏരിയ കമ്മിറ്റിയംഗം ഇ.എ.സുകുവിനു 4 വർഷമായി അംഗത്വമില്ല. പഞ്ചായത്തു പ്രസിഡന്റായിരിക്കെ പാർട്ടിയോട് ആലോചിക്കാതെ മണ്ണെടുപ്പിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സുകു പാർട്ടിയുമായി അകന്നതെന്നാണു വിശദീകരണം.
ആൾക്കൂട്ടത്തെ സംഘടിപ്പിക്കാനുള്ള അൻവറിന്റെ മിടുക്ക് പാർട്ടിക്കു നേരത്തേ ബോധ്യപ്പെട്ടതാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി വി.വി.പ്രകാശിനായി രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഇതിനു മറുപടിയായി വൻ ജനാവലിയെ അണിനിരത്തി അൻവർ നടത്തിയ റോഡ് ഷോ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചുവെന്ന് പിന്നീട് വിലയിരുത്തലുണ്ടായി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള അൻവറിന്റെ ബന്ധങ്ങൾ കഴിഞ്ഞ ദിവസമെത്തിയ ആൾക്കൂട്ടത്തിന് ഒരു കാരണമാണ്.
കോൺഗ്രസിലായിരുന്ന കാലത്തെ ബന്ധങ്ങളും അൻവറിനെ ആൾക്കൂട്ടം സംഘടിപ്പിക്കാൻ സഹായിച്ചു. എന്താണു പറയാൻ പോകുന്നതെന്ന ആകാംക്ഷയിലെത്തിയവരും കുറവായിരുന്നില്ല. ഏറനാട് മണ്ഡലത്തിലുൾപ്പെടുന്ന അരീക്കോട്ടാണ് ഇന്നത്തെ പൊതുയോഗം. ജില്ലയിൽ ഇനി 10 വിശദീകരണ യോഗങ്ങൾ കൂടി നടത്തുമെന്നാണ് അൻവർ പറയുന്നത്. ആ യോഗങ്ങൾക്കെത്തുന്ന ആൾക്കൂട്ടത്തിന്റെ വലുപ്പം അൻവറിന്റെ തുടർനീക്കങ്ങളെ സ്വാധീനിക്കും.
വഖഫ് ബോർഡ് യോഗങ്ങളിൽ പങ്കെടുത്തില്ല;
അൻവറിനെതിരെ സിപിഎം മലപ്പുറം∙ ഇപ്പോൾ ന്യൂനപക്ഷപ്രേമം പറയുന്ന പി.വി.അൻവർ വഖഫ് ബോർഡ് അംഗമായിരിക്കെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി സിപിഎം. 2017–19 കാലഘട്ടത്തിൽ അൻവർ വഖഫ് ബോർഡ് അംഗമായിരുന്നു. അക്കാലയളവിൽ 300 ബോർഡ് യോഗങ്ങൾ നടന്നെങ്കിലും ഒന്നിൽ മാത്രമാണ് അൻവർ പങ്കെടുത്തതെന്നാണു ആരോപണം.