സയൻസ് പാർക്ക് നിർമാണം വൈകുന്നതിൽ പ്രതിഷേധം: ക്ഷുഭിതയായി മന്ത്രി
Mail This Article
പരപ്പനങ്ങാടി ∙ സയൻസ് പാർക്ക് നിർമാണം വൈകുന്നതിൽ പ്രതിഷേധം അറിയിച്ചതിൽ നീരസം പ്രകടിപ്പിച്ച് മന്ത്രി. ചീർപ്പിങ്ങലിൽ നിർമാണത്തിലുള്ള സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റേറിയം സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ് മന്ത്രിയും മുൻമന്ത്രിയും തമ്മിൽ പോരുണ്ടായത്. യോഗത്തിൽ മന്ത്രി ആർ.ബിന്ദു സംസാരിച്ചതിന് ശേഷം, നിർമാണം അനന്തമായി വൈകുന്നതിനെക്കുറിച്ച് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് സംസാരിച്ചു. അബ്ദുറബ്ബ് മന്ത്രിയായ കാലത്താണ് സയൻസ് പാർക്ക് ഇവിടേക്ക് അനുവദിച്ചത്.
ഇതിനായി ജലസേചന വകുപ്പിൽനിന്ന് 3 ഏക്കർ സ്ഥലം ലഭ്യമാക്കിയാണ് നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നത്. എന്നാൽ പിന്നീട് ഫണ്ടുകൾ അനുവദിക്കുകയോ നിർമാണ പ്രവൃത്തികൾ നടത്തുകയോ ഉണ്ടായിരുന്നില്ല. ഹാബിറ്റാറ്റിനാണ് സ്ഥലത്തിന് സംരക്ഷണമതിൽ നിർമിക്കാൻ കരാർ നൽകിയിരുന്നത്. 45 ലക്ഷത്തിന്റെ പ്രവൃത്തിയായിരുന്നു. എന്നാൽ 35 ലക്ഷം കൈമാറിയെങ്കിലും പ്രവൃത്തി പൂർത്തീകരിച്ചിരുന്നില്ല.
ഇതു സംബന്ധമായി എം ബുക്ക് കാണാനില്ലാത്തതിനാൽ ബാക്കി പ്രവൃത്തിയും ഫണ്ടും നൽകുന്നത് അനിശ്ചിതത്വത്തിലാണ്. ഹാബിറ്റാറ്റിന്റെ ഫണ്ട് നൽകാത്തത് സംബന്ധിച്ച് മന്ത്രി യോഗത്തിൽ സംസാരിച്ചിരുന്നു. എന്നാൽ നിസ്സാര കാര്യങ്ങളുടെ പേരിൽ പ്രവൃത്തി വൈകുകയാണെന്നും മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി പ്രവൃത്തി നടക്കാത്തതും അബ്ദുറബ്ബ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
എന്നാൽ പഴയ കാര്യങ്ങൾ പറയേണ്ടെന്ന് പറഞ്ഞു മന്ത്രി അനിഷ്ടം പ്രകടിപ്പിച്ചു. ഇതോടൊപ്പം തുടങ്ങിയ ചാലക്കുടിയിലെ സയൻസ് പാർക്കിൽ ചോർച്ചയുണ്ടെന്നും ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും അബ്ദുറബ്ബ് പറഞ്ഞതോടെ ക്ഷുഭിതയായി മന്ത്രി മേശയിൽ അടിച്ച ശേഷം പോകാനായി എഴുന്നേൽക്കുകയായിരുന്നു.
അനാവശ്യ കാര്യങ്ങളാണ് പറയുന്നതെന്ന് അബ്ദുറബ്ബിനോട് പറയുകയും ചെയ്തു. എന്നാൽ മന്ത്രിയെ കുറ്റപ്പെടുത്തിയതല്ലെന്നും പ്രവൃത്തി അനന്തമായി നീണ്ടു പോകുന്നതിലെ വേദന അറിയിച്ചതാണെന്നും അബ്ദുറബ്ബ് പറഞ്ഞു. ഇതോടെ യോഗം അവസാനിപ്പിച്ചു. തനിക്ക് വേറെ പരിപാടിക്ക് പോകാനുണ്ടെന്ന് പറഞ്ഞ മന്ത്രി, തുടർന്ന് അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സ്ഥലം സന്ദർശിച്ച ശേഷം മടങ്ങി. ചാലക്കുടിയിലെ കെട്ടിടത്തിൽ ചോർച്ച ഉള്ളതാണെന്നും ഇത് പരിഹരിക്കാൻ 4 തവണ ശ്രമം നടത്തിയതായി യോഗത്തിന് ശേഷം ഡയറക്ടർ സമ്മതിക്കുകയും ചെയ്തു.