സംസ്ഥാനത്ത് വയോജന കമ്മിഷൻ ഒരു വർഷത്തിനുള്ളിൽ: മന്ത്രി ആർ.ബിന്ദു
Mail This Article
തിരൂർ ∙ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വയോജന കമ്മിഷൻ നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു. വയോജന ദിനത്തിന്റെ ഭാഗമായി തിരൂരിൽ സംസ്ഥാനതല ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതിന്റെ ബിൽ അവതരിപ്പിക്കും. ഓർമയുമായി ബന്ധപ്പെട്ടു വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കും. ഓർമത്തോണി എന്ന പദ്ധതി ഈ വർഷം നടപ്പാക്കും. പ്രാദേശിക തലത്തിൽ വയോജനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാൻ വയോജന കൗൺസിൽ കൂടുതലായി ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.അബ്ദുറഹിമാൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. എം.പി.അബ്ദുസ്സമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സാമൂഹിക നീതിവകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ, അസിസ്റ്റന്റ് കലക്ടർ വി.എം.ആര്യ, സബ് കലക്ടർ ദിലീപ് കൈനിക്കര, എ.പി.നസീമ, യു.സൈനുദ്ദീൻ, അമരവിള രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വയോസേവന പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു.
ആജീവനാന്ത നേട്ടത്തിനു സംഗീത സംവിധായകൻ വിദ്യാധരൻ, കൂടിയാട്ടം കലാകാരൻ ജി.വേണു എന്നിവർക്കും മികച്ച കായികതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കെ.വാസന്തി, എം.ജെ.ജേക്കബ് എന്നിവർക്കും സാമൂഹിക, സാംസ്കാരിക, കലാരംഗത്തെ മികവിനു കെ.കെ.വാസു, കെ.എൽ.രാമചന്ദ്രൻ എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
വയോജനങ്ങൾക്കു വേണ്ടി മികച്ച പ്രവർത്തനം നടത്തിയ തിരുവനന്തപുരം കോർപറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പീലിക്കോട് പഞ്ചായത്ത്, കതിരൂർ പഞ്ചായത്ത്, ദേവികുളം മെയിന്റനൻസ് ട്രൈബ്യൂണൽ, സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി, വേങ്ങര സായംപ്രഭ ഹോം, പുളിക്കൽ സായംപ്രഭ ഹോം എന്നിവയ്ക്കും മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.