ADVERTISEMENT

മലപ്പുറം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറത്തിനെതിരായ പരാമർശം നാക്കുപിഴയായിരുന്നെങ്കിൽ ഖേദം പ്രകടിപ്പിച്ചാൽ തീരുമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പേരിൽ പിആർ ഏജൻസി ചെയ്തതാണെങ്കിൽ കൂടുതൽ ഗൗരവമുള്ളതാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതോടെ കർട്ടനു പിന്നിൽ എന്തൊക്കെയോ നടക്കുന്നുവെന്ന അൻവറിന്റെ ആരോപണം തെളിയുകയാണ്. ദേശീയ തലത്തിൽ ബിജെപിയുടെ പിന്തുണയോടെ സാമുദായിക ധ്രുവീകരണത്തിനു ശ്രമിക്കുന്ന പിആർ ഏജൻസികൾക്ക് ഏറ്റവും സ്വാധീനമുള്ള ഇടമായി കേരളം മാറിയെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇനി മുഖ്യമന്ത്രി അറിയാതെയാണെങ്കിൽ ഏജൻസിക്കെതിരെ ശക്തമായ നടപടിയാണു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ’ കാർഡ് ഇറക്കി വലിയ വർഗീയ ചേരിതിരിവിനാണു സിപിഎം ശ്രമിച്ചതെങ്കിലും അതു പരാജയപ്പെട്ടു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള അവരുടെ നയവ്യതിയാനമാണോ മലപ്പുറം വിരുദ്ധ പരാമർശമെന്നറിയില്ല. ഇത്തരം വർഗീയ വിഭജനശ്രമങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ പിന്തുണ സിപിഎമ്മിനു നഷ്ടപ്പെടുന്നത് നല്ല കാര്യമല്ല. 

കമ്യൂണിസമാണു വേണ്ടതു കമ്യൂണലിസമല്ലെന്ന് അവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിആർ ഏജൻസികളെ ഉപയോഗിച്ച് ഇനിയും ധ്രുവീകരണത്തിനാണു ശ്രമമെങ്കിൽ ഒരു അൻവറല്ല, ഒരുപാട് അൻവർമാർ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. 

അൻവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ചചെയ്യും
∙ പി.വി.അൻവർ എംഎൽഎയോടുള്ള നിലപാട് യുഡിഎഫിൽ എല്ലാവരും ചർച്ച ചെയ്തു തീരുമാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി. അദ്ദേഹം ഒരുപാടു വിഷയങ്ങൾ വെളിപ്പെടുത്തുകയും ക്യാംപെയ്ൻ ചെയ്യുകയും ചെയ്യുന്നുണ്ട്. ലീഗ് അടക്കമുള്ളവർ നേരത്തേ ഉന്നയിച്ച വിഷയങ്ങൾ ശരിവയ്ക്കുന്നതാണ് അൻവറിന്റെ ആരോപണങ്ങൾ. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ സഹോദരൻ കഴിഞ്ഞ ദിവസം വന്നു കണ്ടിരുന്നു. ഈ വിഷയം ലീഗ് അൽപംകൂടി കാര്യമായെടുക്കും. താമിറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

English Summary:

P.K. Kunhalikutty, Muslim League All India General Secretary, expressed concern over CM Pinarayi Vijayan's statement about Malappuram. He stated that while a slip of the tongue could be forgiven with an apology, a planned PR tactic would be a serious matter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com