ADVERTISEMENT

മലപ്പുറം∙ വന്യജീവിശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു സംസ്ഥാനതല പ്രചാരണം സംഘടിപ്പിക്കാൻ പി.വി.അൻവർ എംഎൽഎ. പ്രശ്നം രൂക്ഷമായ 60 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി നടത്തും. ജനങ്ങളിൽനിന്ന് ഒപ്പു ശേഖരിച്ചു ഗവർണർക്കു സമർപ്പിക്കും. കാസർകോട്ടുനിന്ന് ഉടൻ പ്രചാരണം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. വന്യജീവി ശല്യത്തിനെതിരായ വികാരമുള്ള മുഴുവൻ ജനങ്ങളെയും പരിപാടിയിൽ അണിനിരത്തുമെന്നു അൻവർ പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള തയാറെടുപ്പിലാണ് അൻവർ. ഇതിനു മുന്നോടിയായാണു സംസ്ഥാനതല പ്രചാരണം സംഘടിപ്പിക്കുന്നത്. അൻവർ പ്രതിനിധാനം ചെയ്യുന്ന നിലമ്പൂർ, ജില്ലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതലുള്ള മണ്ഡലമാണ്.

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അൻവർ മുൻകയ്യെടുത്തു നേരത്തേ പശ്ചിമഘട്ട ജനരക്ഷാ സമിതിയെന്ന സംഘടനയുണ്ടാക്കിയിരുന്നു. കേരളത്തിനു പുറമേ, തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ നിലപാടുള്ളവർകൂടി ഉൾപ്പെടുന്നതായിരുന്നു സമിതി. ഇതേ മാതൃകയിൽ വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു വിശാലമായ കൂട്ടായ്മ രൂപീകരിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 

1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് അൻവർ ഈ വർഷമാദ്യം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. സുപ്രീം കോടതി നിർദേശം കൂടി പരിഗണിച്ചാണു ഹൈക്കോടതിയെ സമീപിക്കുന്നത്. ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സം നിൽക്കുന്ന മൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനു നൽകണമെന്നാണു ഹർജിയിലെ ആവശ്യങ്ങളിലൊന്ന്. യുഎസ്, ഓസ്ട്രേലിയ, ഫ്രാൻസ്, സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള മാതൃകകൾ വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്. നിശ്ചിത ഇടവേളകളിൽ വന്യമൃഗങ്ങളുടെ സർവേ നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട അളവിൽ കൂടുതലുള്ള മൃഗങ്ങളെ വേട്ടയാടാൻ ജനങ്ങൾക്കു അനുമതി നൽകണം. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവർക്കും നൽകുന്ന നഷ്ട പരിഹാരത്തുക വർധിപ്പിക്കണം, മലയോര മേഖലയിലെ ജനങ്ങൾക്കു പ്രത്യേക ഇൻഷുറൻസ് കവറേജ് തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. 

വർഗീയ ശക്തികളുമായി ചേരുന്നുവെന്നു ചൂണ്ടിക്കാട്ടി അൻവറിനെ ഒതുക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണു അദ്ദേഹം സർക്കാരിനെതിരെ പുതിയ സമരമുഖം തുറക്കുന്നത്. വലിയ വർത്തമാനം പറയുന്നതല്ലാതെ സംസ്ഥാന സർക്കാർ വന്യജീവിശല്യം പരിഹരിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്ന് അൻവർ പറഞ്ഞു.

English Summary:

In response to the increasing human-wildlife conflict in Kerala, MLA P.V. Anwar will launch a state-wide campaign across 60 affected constituencies. The campaign aims to gather public support through signatures and submit a petition to the Governor, urging for a permanent solution to the wildlife menace.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com