ഭൂമിക്കടിയിൽനിന്ന് സ്ഫോടന ശബ്ദം: ജനം പരിഭ്രാന്തരായി

Mail This Article
എടക്കര ∙ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽനിന്നു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാർ പലരും പുറത്തേക്കിറങ്ങിയോടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസർ സ്രാമ്പിക്കൽ, സലൂബ് ജലീൽ, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി.
ഇവർ വീട്ടുകാരുമായി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.