ADVERTISEMENT

തേഞ്ഞിപ്പലം ∙ഗ്യാസിനു പകരം ഇൻഡേൻ പാചക വാതക സിലിണ്ടറിൽ വെള്ളം നിറച്ച സംഭവത്തിൽ, ചേളാരി ഐഒസി എൽപിജി ബോ‌ട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ട 10 സിലിണ്ടർ ലോറി ഡ്രൈവർമാർക്ക് ഗ്യാസ് ഏജൻസികളിൽ നിന്നു നോട്ടിസ് നൽകി. വെള്ളം നിറച്ച സിലിണ്ടറുകൾ ഏജൻസികളിൽ കെട്ടിക്കിടക്കുകയാണെന്നും നഷ്ടം ഡ്രൈവർമാരിൽ നിന്ന് വസൂലാക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഡ്രൈവർമാർക്കും അവരുടെ സംഘടനാ നേതൃത്വത്തിനും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗ്യാസ് ഏജൻസികൾ നോട്ടിസ് കൈമാറിയിട്ടുണ്ട്. 

അതേസമയം, സംഭവത്തിൽ തങ്ങൾക്കു മനസ്സറിവില്ലെന്നാണു ഡ്രൈവർമാരുടെ നിലപാട്. സിലിണ്ടറുകളിൽ വെള്ളം നിറച്ചത് ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. സിലിണ്ടറുകൾ ഏജൻസികളിൽ എത്തിക്കുന്നതു ഡ്രൈവർമാർ ആയതിനാലാണ് തങ്ങൾക്കു നോട്ടിസ് നൽകിയതെന്നും ഇവർ പറയുന്നു. യഥാർഥ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം ഡ്രൈവർമാരെ ബലിയാടാക്കാനുള്ള നീക്കം ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടി‌യു) അനുവദിക്കില്ലെന്ന് പ്ലാന്റ് തല കമ്മിറ്റി പ്രസിഡന്റ് കെ.ടി.വിനോദ് കുമാർ ഗ്യാസ് ഏജൻസി നടത്തിപ്പുകാർ‍ക്കു മറുപടി നൽകി.

തട്ടിപ്പിൽ സിഐടിയു തൊഴിലാളികൾക്കു പങ്കില്ല. ചിലർ തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ഐഒസി ചീഫ് വിജിലൻസ് ഓഫിസർക്കു പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഒരാൾ സിലിണ്ടറിന്റെ സീലുമായി പ്ലാന്റിനു പുറത്തു കടക്കുന്നതു പിടികൂടിയിരുന്നു. ഗ്യാസ് ഊറ്റിയ ശേഷം സിലിണ്ടറിൽ ഉപയോഗിക്കാനുള്ള സീലുകളാണെന്ന് അറിഞ്ഞിട്ടും അന്വേഷണവും ഉണ്ടായില്ല – വിനോദ് കുമാർ പറഞ്ഞു. വെള്ളം നിറച്ച സിലിണ്ടർ സംബന്ധിച്ച ദുരൂഹത അവസാനിപ്പിക്കാൻ സമഗ്രാന്വേഷണം വേണമെന്ന് പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) പ്രസിഡന്റ് സി.കെ.ഹരിദാസനും ഐഒസി പ്ലാന്റ് അധികൃതരോട് ആവശ്യപ്പെട്ടു.

വാണിജ്യ സിലിണ്ടറിൽ ഗാർഹിക ‘ഗ്യാസ്’; പുതിയ തട്ടിപ്പ്
തേഞ്ഞിപ്പലം ∙ ജില്ലയിൽ ഗാർഹിക സിലിണ്ടറുകളിൽ നിന്നു വാണിജ്യ സിലിണ്ടറിലേക്കു ഗ്യാസ് മാറ്റി മറിച്ചുവിറ്റും തട്ടിപ്പ്. ജില്ലയിലെ 3 ഇൻഡേൻ ഗ്യാസ് ഏജൻസികൾ ചേർന്നു കഴിഞ്ഞമാസം കലക്ടർക്കു നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. അനധികൃത ഗ്യാസ് ഫില്ലിങ് യന്ത്ര സംവിധാന ചിത്രങ്ങൾ സഹിതമാണു പരാതി നൽകിയിരിക്കുന്നത്.വാണിജ്യ സിലിണ്ടർ വിൽപനക്കാരെന്ന വ്യാജേന നടത്തുന്ന തട്ടിപ്പിനു പിന്നിൽ വലിയ സംഘമുണ്ട്. വില നിയന്ത്രണവും നികുതിക്കുറവുമുള്ള ഗാർഹിക സിലിണ്ടർ സമാഹരിച്ച് സുരക്ഷാ മാനദണ്ഡം പാലിക്കാതെ വാണിജ്യ സിലിണ്ടറുകളിലേക്കു ഗ്യാസ് മാറ്റി കൂടിയ തുകയ്ക്കു മറിച്ചു വിൽക്കുകയാണ്. സിലിണ്ടറുകൾ സൂക്ഷിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഇൻഡേൻ ഗ്യാസിനെക്കാൾ കുറഞ്ഞ വിലയ്ക്കു വാണിജ്യ സിലിണ്ടർ ഹോട്ടലുകാർക്കും മറ്റും തട്ടിപ്പുകാർ നൽകുന്നതു പല ഇൻ‍ഡേൻ അംഗീകൃത ഏജൻസികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും പരാതിയിലുണ്ട്.

English Summary:

A major LPG scam has surfaced in Malappuram and Kozhikode, India, involving water-filled Indane gas cylinders and the illegal transfer of gas from domestic to commercial cylinders. The incidents have sparked outrage and raised concerns about safety violations. Gas agencies blame lorry drivers, while drivers' unions demand a thorough investigation into a potential network involved in the scam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com