പോരാട്ടം ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന് പ്രിയങ്ക; മൂന്നിടത്ത് കോർണർ മീറ്റിങ്, ഉജ്വല സ്വീകരണം
Mail This Article
മലപ്പുറം ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരോടു കേന്ദ്ര സർക്കാർ കാണിക്കുന്നതു വിദ്വേഷ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണെന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി വന്നുപോയി മാസങ്ങൾ കഴിഞ്ഞിട്ടും സഹായം പ്രഖ്യാപിക്കുന്നില്ല. ഇതേ അവസ്ഥയാണു ഹിമാചൽ പ്രദേശിലും കാണുന്നത്. വിലകുറഞ്ഞ രാഷ്ട്രീയം കാരണം വലിയ ദുരന്തങ്ങളെപ്പോലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നു ജില്ലയിലെ വിവിധയിടങ്ങളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കോർണർ മീറ്റിങ്ങുകളിൽ പ്രിയങ്ക പറഞ്ഞു.ഏറനാട് മണ്ഡലത്തിലെ തെരട്ടമ്മൽ, വണ്ടൂർ മണ്ഡലത്തിലെ മമ്പാട്, നിലമ്പൂർ മണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലായിരുന്നു കോർണർ മീറ്റിങ്ങുകൾ. വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇതാദ്യമായി മണ്ഡലത്തിലുൾപ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലെത്തിയ പ്രിയങ്കയ്ക്ക് എല്ലായിടത്തും ഉജ്വല സ്വീകരണമാണു ലഭിച്ചത്.
രാജ്യത്തു ജനാധിപത്യം പൂർണതോതിൽ പുനഃസ്ഥാപിക്കാനുള്ള പോരാട്ടം ജനങ്ങളുമായി ചേർന്നു തുടരും. ജനങ്ങൾക്കിടയിൽ വിദ്വേഷം വിതച്ച് അവരുടെ ശ്രദ്ധ മാറ്റിയ ശേഷം വൻകിടക്കാരെ സഹായിക്കുകയാണു പ്രധാനമന്ത്രി ചെയ്യുന്നത്. രാഹുൽ ഗാന്ധി സത്യത്തിനു വേണ്ടിയാണു പോരാടുന്നതെന്ന് ഇന്നു രാജ്യം മുഴുവൻ പറയുന്നു. അദ്ദേഹത്തിന്റെ മുഖം കണ്ട നാളിൽ തന്നെ അതു തിരിച്ചറിഞ്ഞവരാണു വയനാട്ടിലെ ജനങ്ങൾ. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാനാണ് എന്റെ സഹോദരൻ രാജ്യം മുഴുവൻ സഞ്ചരിച്ചത്. അദ്ദേഹം സ്നേഹത്തിന്റെ ആദ്യത്തെ കട തുറന്നതു വയനാട്ടിലായിരുന്നുവെന്നു പ്രിയങ്ക പറഞ്ഞു.മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും വർണത്തിന്റെയും അതിരുകൾ കടന്നു ജനങ്ങളെല്ലാം ഒരുമയോടെ കഴിയുന്ന രാജ്യമാണു മഹാത്മാഗാന്ധി സ്വപ്നം കണ്ടത്. ആ സ്വപ്നത്തെ പ്രതിനിധീകരിക്കുന്നവരാണു വയനാട്ടിലെ ജനങ്ങൾ. അവരെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചാൽ അതു ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കാണുമെന്നു പ്രിയങ്ക പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ജ്യോതി വിജയകുമാർ പ്രസംഗം പരിഭാഷപ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ എ.പി.അനിൽ കുമാർ, പി.കെ.ബഷീർ, സി.ആർ.മഹേഷ്, യു.എ.ലത്തീഫ്, ടി.വി.ഇബ്രാഹിം, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, പി.സലീം, സെക്രട്ടറി കെ.പി.നൗഷാദലി തുടങ്ങിയവർ പങ്കെടുത്തു.