2 മാസത്തിനുള്ളിൽ റോഡ് തകർന്നു; കരാറുകാരൻ റീടാർ ചെയ്യണമെന്ന് നഗരസഭ

Mail This Article
തിരൂർ ∙ ടാറിട്ട് 2 മാസത്തിനുള്ളിൽ തകർന്ന അമ്പലക്കുളങ്ങര – തൃക്കണ്ടിയൂർ റോഡ് റീടാർ ചെയ്യാൻ കരാറുകാരനോടു നഗരസഭ ആവശ്യപ്പെട്ടു. റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കുന്ന നടപടികളും തുടങ്ങി. തൃക്കണ്ടിയൂർ ശിവക്ഷേത്രം മുതൽ അമ്പലക്കുളങ്ങര വരെയുള്ള ഭാഗമാണു ടാറിങ്ങിലെ നിലവാരമില്ലായ്മ മൂലം തകർന്നത്. മഴ പെയ്തതോടെ ടാറിളകി റോഡിൽ നിറയെ കുഴികൾ രൂപപ്പെടുകയായിരുന്നു.
ഏറെ തിരക്കുള്ള റോഡിൽ ഇതുമൂലം ഗതാഗതം പ്രയാസത്തിലായി. പല കുഴികളിലും ഇരുചക്ര വാഹനങ്ങൾ വീണ് ആളുകൾക്കു പരുക്കേൽക്കാനും തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘മനോരമ’ വാർത്ത നൽകിയിരുന്നു.തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിലെ വാവുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പും ഈ റോഡിലൂടെയാണ് നടക്കുക. ഇതിനാൽ എത്രയും പെട്ടെന്ന് റോഡ് ശരിയാക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെ നഗരസഭ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.