കാക്കഞ്ചേരിയിൽ ആറുവരിപ്പാത പൂർണമായി തുറന്നു; 4 അപകട വളവുകളും ഓർമയായി, ഗതാഗത തടസ്സവും ഒഴിവായി
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ ദേശീയപാത 66ലെ പുതിയ ആറുവരിപ്പാത പൂർണമായി തുറന്നു. കാക്കഞ്ചേരിയിലെ പഴയ വലിയ വളവ് പ്രദേശം മുതൽ ചെട്യാർമാട് വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി, തൃശൂർ ദിശയിലേക്കുള്ള 3 ട്രാക്കുകളാണു ശനിയാഴ്ച തുറന്നത്. 2 മാസമായി വാഹന ഗതാഗതമുള്ള കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകൾ വഴിയുള്ള വാഹനങ്ങൾക്ക് കാക്കഞ്ചേരിയിലെ പഴയ വളവ് മുതൽ 400 മീറ്റർ ദൂരം പുതിയ റോഡൊരുക്കി യാത്രാസൗകര്യം പുനഃക്രമീകരിച്ചിട്ടുമുണ്ട്. ആ ഭാഗത്ത് ആറുവരിപ്പാത പൂർത്തിയാകും വരെയാണു ബദൽ സംവിധാനം. ഇതോടെ കാക്കഞ്ചേരിയിലെ 4 അപകട വളവുകളും ഓർമയായി. വളവിൽ 150 മീറ്ററിൽ പഴയ റോഡിനെ ഇരു വശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ആശ്രയിച്ചിരുന്നതിനെ തുടർന്നുള്ള ഗതാഗത തടസ്സവും ഒഴിവായി. ഇവിടെക്കൂടി ഗതാഗതം വൺവേ അടിസ്ഥാനത്തിൽ ആക്കിയിട്ടുമുണ്ട്.
തീർത്തിട്ടും തീരാതെ
കാക്കഞ്ചേരിയിൽ ആറുവരിപ്പാത മുഴുവനായി തുറന്നതിനു പിന്നാലെ ഏതാനും സമയം യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചതു പ്രതിഷേധത്തിനിടയാക്കി. ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നു റോഡ് സ്ഥിരമായി അടയ്ക്കേണ്ടെന്നു ധാരണയായത്. സർവീസ് റോഡരികിൽ ഓട നിർമാണം പുരോഗമിക്കുന്നതിനാൽ, ഇവിടന്നു മണ്ണു കയറ്റാൻ ലോറി എത്തുന്ന സമയത്തു ഗതാഗത തടസ്സമുണ്ട്.
തുറക്കാൻ സമയമെടുക്കും
കാക്കഞ്ചേരിയിൽ കൃഷിഭവൻ ജംക്‌ഷൻ മുതൽ കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് ആഴ്ചകളായി അടച്ചിരിക്കുകയാണ്. പാതയോരത്തെ ഓട നിർമാണം പൂർത്തിയാക്കിയ ശേഷമേ റോഡ് തുറക്കൂ. താഴ്ചയിൽ നിർമിച്ച ആറുവരിപ്പാത വഴിയാണിപ്പോൾ വാഹന ഗതാഗതം എന്നതിനാൽ ബസ് യാത്രക്കാരും മറ്റും ഏറെ ദൂരം നടന്ന ശേഷമേ ബസ് കിട്ടൂ. ബസിറങ്ങുന്നവർക്കും ഏറെ ദൂരം നടക്കേണ്ടിവരുന്നു.
കോഹിനൂരിൽ തകൃതി
കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്തു കോഹിനൂരിൽ ആറുവരിപ്പാത നിർമാണം പുരോഗമിക്കുകയാണ്. കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളിലും ടാറിങ് പൂർത്തിയായി. ഏതു നിമിഷവും ഗതാഗതത്തിനു തുറക്കാം. ചെട്യാർമാട് മുതൽ പാണമ്പ്ര വരെ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും ഉടൻ തുറക്കാനാണു ശ്രമം. ഇതോടെ കാക്കഞ്ചേരിയിലെ പഴയ വളവ് മുതൽ മൂന്നിയൂർ പാലക്കലിനടുത്തു പരപ്പിലാക്കൽ വരെ ഏതാണ്ട് 7 കിലോമീറ്ററിൽ കോഴിക്കോട് ദിശയിലേക്കുള്ള വാഹന ഗതാഗതം ആറുവരിപ്പാതയിലെ 3 ട്രാക്കുകൾ വഴിയാകും. കാക്കഞ്ചേരി വളവിൽ കിഫ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഭൂമിക്കടുത്ത സ്ഥലത്തുകൂടി പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. അതോടെ ജില്ലാ അതിർത്തി മുതൽ പരപ്പിലാക്കൽ വരെ 10 കിലോമീറ്ററിലും വാഹന ഗതാഗതം ആറുവരിപ്പാത വഴിയായി മാറും.
മതിൽ വീണ്ടും
കാക്കഞ്ചേരിയിൽ പള്ളിയാളി റോഡ് പരിസരത്ത് പുതിയ സർവീസ് റോഡിന്റെ 9 മീറ്റർ ഉയരമുള്ള അരികു ഭിത്തി വിള്ളലിനെ തുടർന്നു പൊളിച്ച സ്ഥാനത്തു പുനർനിർമാണം തുടങ്ങി. കോൺക്രീറ്റ് ഭിത്തി പലയിടത്തും പൊട്ടിയതു വിവാദമായതോടെയാണു പൊളിച്ചത്. മഴയിൽ റോഡിലെ മണ്ണ് ഒലിച്ചിറങ്ങിയതും ജനത്തിനു ദുരിതമായിരുന്നു.
കാലിക്കറ്റ് പുറത്താകും
യൂണിവേഴ്സിറ്റി ക്യാംപസിലെ 2.25 കിലോമീറ്ററിലും ഇപ്പോൾ ദേശീയപാത സർവീസ് റോഡുകൾ വഴിയാണു വാഹന ഗതാഗതം. ഇരു വശങ്ങളിലെ സ്റ്റോപ്പുകളിലും ബസുകൾ എത്തുന്നുണ്ട്. എന്നാൽ, ആറുവരിപ്പാത തുറക്കുന്നതോടെ അവസ്ഥ മാറും. ബസ് സ്റ്റോപ് പരിസരത്ത് ആഴത്തിലാണ് ഇവിടെ ആറുവരിപ്പാത. ക്യാംപസിൽ നിന്നു സർവീസ് റോഡിലേക്കും തിരിച്ചും പ്രവേശനം ഇല്ല.