ADVERTISEMENT

പെരിന്തൽമണ്ണ∙ അതിജീവനത്തിന്റെ കരുത്തിൽ ജീവിതം തിരികെപ്പിടിച്ച സുമേഷ് പഞ്ചാബിൽ ഡിസംബർ ഒന്നു മുതൽ 6 വരെ നടക്കുന്ന ദേശീയ സബ് ജൂനിയർ വുഷു ചാംപ്യൻഷിപ്പിൽ മത്സരാർഥികളുടെ വിധിയെഴുതും.ഒട്ടേറെ ദേശീയ, സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച ജൂബിലി റോഡിലെ കാവുങ്ങപ്പറമ്പ് സ്വദേശിയായ പി.എൻ.സുമേഷ്(33) 2021ൽ ഉണ്ടായ അപകടത്തെ തുടർന്നു മരണത്തോടു മല്ലടിച്ചാണു ജീവിതത്തിലേക്കു മടങ്ങിയത്. കൊണ്ടോട്ടിയിൽ സുമേഷ് സ‍ഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചായിരുന്നു അപകടം.

ലോറി കാലിലൂടെ കയറിയിറങ്ങി. തീരുമാനിച്ചുറപ്പിച്ച വിവാഹം മുടങ്ങി. ഇനിയൊരു മടങ്ങിവരവില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ അതിജീവനവും കഠിനമായ പരിശ്രമവും നൽകിയ കരുത്തിൽ 2 വർഷത്തിനു ശേഷം സുമേഷ് മെല്ലെമെല്ലെ ജീവിതത്തിലേക്കു തിരിച്ചെത്തി. പിന്നെ വുഷുവിന്റെ പരിശീലനക്കളത്തിലേക്കും. പിതാവ് സുകു 15 വർഷം മുൻപു മരിച്ചതാണ്. ജോലി പോലും ഉപേക്ഷിച്ചു കൂടെനിന്ന അമ്മ നിർമലയുടെ പരിചരണം കൂടിയാണ് ഈ മടങ്ങിവരവിനിടയാക്കിയത്. 

സുമേഷ് 6 ദേശീയ ചാംപ്യൻഷിപ്പുകളിൽ കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ട്. 2 സൗത്ത് ഇന്ത്യൻ ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടി. 2015ൽ തിരുവനന്തപുരത്തു നടന്ന നാഷനൽ ഗെയിംസിൽ പങ്കെടുത്തു. കരാട്ടെ, കുങ്ഫു, തയ്ക്വാൻഡോ എന്നിവയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. 11 വയസ്സു മുതൽ ആയോധന കലാരംഗത്തു നിറസാന്നിധ്യമാണ്. സംസ്ഥാന സ്‌കൂൾ ഗെയിംസ് ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ചിരുന്നു.  ജില്ലാ വുഷു അസോസിയേഷൻ സെക്രട്ടറിയും ജൂബിലി വുഷു ക്ലബ്ബിലെ മുഖ്യ പരിശീലകനും കൂടിയാണു സുമേഷ്.

English Summary:

After battling back from a life-threatening accident, Wushu champion Sumesh is set to referee at the National Sub Junior Wushu Championship. His story of resilience and determination is an inspiration to all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com