കെ ഫോണിനോട് പെരുത്തിഷ്ടം; കൂടുതൽ കെ ഫോൺ ഉപഭോക്താക്കൾ മലപ്പുറത്ത്
Mail This Article
മലപ്പുറം∙ സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രോഡ്ബാൻഡ് കണക്‌ഷനായ കെ ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിൽ മലപ്പുറം ജില്ല ബഹുദൂരം മുന്നിൽ.ആകെയുള്ള ഹോം കണക്‌ഷനുകളിൽ 25 ശതമാനത്തിനടുത്തു മലപ്പുറത്താണ്. ഇതുവരെയുള്ള കെ ഫോൺ ഹോം കണക്‌ഷൻ 41593 ആണ്. ഇതിൽ 9829 എണ്ണവും മലപ്പുറം ജില്ലയിലാണ്. രണ്ടാം സ്ഥാനത്തുള്ള കോട്ടയത്ത് (4423) മലപ്പുറത്തിന്റെ പകുതിയോളം കണക്‌ഷനേയുള്ളൂ.4192 ഉപഭോക്താക്കളുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്. 303 കണക്‌ഷൻ മാത്രമുള്ള കാസർകോടാണ് ഏറ്റവും പിന്നിൽ.
നിർധന കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ബ്രോഡ്ബാൻഡ് കണക്‌ഷനായ കെ ഫോൺ മാർച്ചിലാണു കമേഴ്സ്യൽ കണക്‌ഷൻ നൽകിത്തുടങ്ങിയത്.ഗ്രാമപ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കെ ഫോൺ ഫൈബറുകൾ വിന്യസിക്കാൻ കഴിഞ്ഞതും മികച്ച സേവനം നൽകുന്നതുമാണു കൂടുതൽ ഹോം കണക്‌ഷനുകൾ ലഭിക്കാൻ കാരണമെന്ന് എംഡി കെ.സന്തോഷ് ബാബു പറഞ്ഞു.2024 മാർച്ചിലാണ് കമേഴ്സ്യൽ കണക്‌ഷൻ നൽകാൻ ആരംഭിച്ചത്. 3,595 ലോക്കൽ നെറ്റ്‌വർക് ഓപ്പറേറ്റർമാരാണു നിലവിൽ കെ ഫോണുമായി സഹകരിക്കുന്നത്.
കണക്‌ഷൻ എങ്ങനെ?
3 രീതിയിൽ കണക്‌ഷനെടുക്കാം. 1. 18005704466 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുക. 2. enteKFONE ആപ് വഴി 3. www.kfon.in വെബ്സൈറ്റ് വഴി. കണക്‌ഷനെടുക്കുമ്പോൾ മോഡം കെ ഫോൺ സൗജന്യമായി നൽകും. ഒരു മാസത്തേക്കു 3000 ജിബിയുടെ 299 രൂപയുടെ പ്ലാൻ ഏറ്റവും കുറഞ്ഞത്. 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി 6 മാസത്തേക്കു നൽകുന്ന 7494 രൂപയുടെ പ്ലാനാണ് ഏറ്റവും കൂടിയ നിരക്കിലുള്ളത്.