ക്ഷേമപെൻഷൻ: കോട്ടയ്ക്കൽ നായാടിപ്പാറയിൽ 38 അനർഹർ
Mail This Article
കോട്ടയ്ക്കൽ ∙ നഗരസഭയിലെ ഏഴാം വാർഡായ നായാടിപ്പാറയിൽ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്തതിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ക്രമക്കേട് കണ്ടെത്തി. മറ്റു പെൻഷൻ വാങ്ങുന്നവർ അടക്കമുള്ള 38 പേർ അനർഹരായി പെൻഷൻ കൈപ്പറ്റിയതായാണ് കണ്ടെത്തിയത്.2015 - 16ൽ ആണ് പെൻഷൻ വിതരണത്തെക്കുറിച്ച് പരാതി ഉയർന്നത്. 2021ൽ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. 63 പേർ അനർഹരാണെന്നാണ് അന്നു കണ്ടെത്തിയത്. അതിൽ ഒരാൾ ഇതിനകം മരിച്ചു. നേരത്തേ നടന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് പരിശോധന നടത്തിയത്.പരാതിയുടെ അടിസ്ഥാനത്തിൽ 28 പേരുടെ പെൻഷൻ നേരത്തേ റദ്ദാക്കിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ പറഞ്ഞു.
ബാക്കി പരാതികൾ പരിശോധിച്ചു വരികയാണ്. സർക്കാരിനു നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.ഉദ്യോഗസ്ഥതലത്തിൽ വന്ന വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നു നഗരസഭാ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ടി.കബീർ പറഞ്ഞു.വാർഡിലെ അനർഹരെ നേരത്തേ ഒഴിവാക്കിയതാണെന്നും ഈ വാർഡ് കേന്ദ്രീകരിച്ചു മാത്രം അന്വേഷണം നടക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും വാർഡ് കൗൺസിലർ കെ.പി.ഗോപിനാഥൻ പറഞ്ഞു.