ആറുവരിപ്പാതയിലെ മതിലുകൾക്കിടയിലെ വഴിയും അടയും; ബദൽ മാർഗവുമായി എൻഎച്ച് കരാർ കമ്പനി
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ചെനയ്ക്കൽ റോഡുമായുള്ള ബന്ധം മുറിച്ച് എൻഎച്ച് സർവീസ് റോഡരികെ കോൺക്രീറ്റ് വരമ്പ് നിർമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെ ബദൽ മാർഗം വാഗ്ദാനം ചെയ്ത് എൻഎച്ച് നിർമാണ കരാർ കമ്പനി. കോഹിനൂര്‍ ജംക്‌ഷനിൽ നിന്നു വടക്കോട്ട് 100 മീറ്ററിൽ പുതിയ പാത നിർമിച്ച് ചെനയ്ക്കൽ റോഡുമായി ബന്ധിപ്പിക്കും. റോഡിന്റെ ടാറിങ് അടക്കമുള്ള അവസാന ഘട്ട പണികൾ പഞ്ചായത്ത് നടത്തണം. യൂണിവേഴ്സിറ്റി എസ്‌ബിഐ പരിസരം മുതൽ കോഹിനൂർ ജംക്‌ഷൻ വരെ എൻഎച്ചിന് കിഴക്ക് വശത്തെ സർവീസ് റോഡ് ഇരട്ടപ്പാതയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പൂട്ടുകട്ട വിരിച്ച് നടപ്പാതയും ഒരുക്കും. ഇരട്ടപ്പാതയുടെ പണികൾ യൂണിവേഴ്സിറ്റി ഭാഗത്ത് നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്.
എൻഎച്ച് നിർമാണ കരാർ കമ്പനി നരസിംഹ മൂർത്തി കൺസ്ട്രക്‌ഷൻസ് ജന. മാനേജർ രാജേന്ദ്ര റെഡ്‌ഡി സ്ഥലത്തെത്തി ചർച്ച നടത്തിയാണ് ചെനയ്ക്കൽ റോഡുമായി ബന്ധിപ്പിച്ച് എൻഎച്ചിൽ നിന്ന് ബദൽ റോഡ് വാഗ്ദാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത്, വൈസ് പ്രസിഡന്റ് പി.മിനി, സ്ഥിരസമിതി അധ്യക്ഷരായ എം.സുലൈമാൻ, എ.പിയൂഷ്, സഹകരണ ബാങ്ക് ഡയറക്ടർ തോമസ് മാളിയേക്കൽ, ജോൺസൺ കളത്തൂർ, ശിവരാജൻ വാക്കയിൽ (എൻഎച്ച് ആക്‌ഷൻ കമ്മിറ്റി), കെ.റഫീഖ്, അനുമോദ് കാടശേരി (കോൺ, മണ്ഡലം പ്രസിഡന്റ്) തുടങ്ങിയവർ രാജേന്ദ്ര റെഡ്‌ഡിയെ ചെനക്കൽ റോഡിന്റെ പ്രാധാന്യം അറിയിക്കുകയായിരുന്നു.
വല്ലാത്ത സാഹസം
കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ വിദൂര പഠന വിഭാഗം, ടാഗോർ നികേതൻ സമുച്ചയം തുടങ്ങിയവയിലേക്കും തിരിച്ചുമുള്ള പോക്ക് വിദ്യാർഥികൾക്ക് സാഹസമാണ്. മതിലുകൾക്ക് ഇടയിലുള്ള വഴികളാണ് ആശ്രയം. ഒരു മതിൽ വഴി കടന്ന് ആറുവരിപ്പാതയിൽ പ്രവേശിച്ചാൽ ഏറെ ദൂരം കഴിഞ്ഞേ അടുത്ത മതിൽ വിടവ് കാണൂ. മതിൽ നിർമാണം പൂർത്തിയായാൽ ആ വഴിയും അടയും.
ഭൂഗർഭ നടപ്പാത
യൂണിവേഴ്സിറ്റി ക്യാംപസ് കവാടത്തിനടുത്ത് എൻഎച്ചിന് അടിയിലെ ഭൂഗർഭ നടപ്പാത ഉടൻ തുറക്കണമെന്ന ആവശ്യം ശക്തം. നടപ്പാതയിലെ പ്രവേശന വഴിയിലെ ചരലും മറ്റും നീക്കി ക്രമീകരിച്ചാൽ പ്രശ്നം പരിധി വരെ പരിഹരിക്കാനാകും. വെളിച്ച വിന്യാസം അടക്കം ക്രമീകരിക്കണം. യൂണിവേഴ്സിറ്റി പ്രവർത്തന സമയം കഴിഞ്ഞ് അടച്ചിടാൻ പാകത്തിലാണ് ഭൂഗർഭ നടപ്പാത നിർമിച്ചിട്ടുള്ളത്. 68 മീറ്റർ നീളമുള്ള വഴിയാണിത്. സുരക്ഷാ സംവിധാനം ഒരുക്കിയ ശേഷമേ പാത തുറക്കാനാകൂവെന്നതും അധികൃതർ കണക്കിലെടുക്കേണ്ടതുണ്ട്. എൻഎച്ചിലെ അരികു ഭിത്തി നിർമാണം പൂർത്തിയാകുമ്പോഴേക്ക് ഭൂഗർഭ നടപ്പാത തുറക്കേണ്ട സാഹചര്യമാണ് അധികൃതർക്ക് മുന്നിലുള്ളത്.
ടാറിങ് അതിവേഗം
ആറുവരിപ്പാതയിൽ അന്തിമ ടാറിങ് പുരോഗമിക്കുകയാണ്. രാപകൽ പണികൾ നടത്തുന്നുണ്ട്. അതത് സ്ഥലത്ത് ടാറിങ് നടത്തുമ്പോൾ ആ മേഖലയിലെ ട്രാക്കുകൾ അടച്ച് വാഹനം സർവീസ് റോഡുകൾ വഴി മാത്രമാക്കി തിരിച്ച് വിടുകയാണ്. നേരത്തെ കോൺക്രീറ്റിങ്ങും ടാറിങ്ങും നടത്തിയ റോഡാണ്. അനന്തരം വാഹനങ്ങളും ഒട്ടേറെ അതു വഴി ഓടി. തുടർന്നാണ് അന്തിമ ടാറിങ് തുടങ്ങിയത്. മാർച്ചിനകം എൻഎച്ചുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് സാധ്യമായ സ്ഥലങ്ങളിലൊക്കെ ഇപ്പോൾ തന്നെ അവസാന ഘട്ട ജോലികൾ ത്വരിതപ്പെടുത്തുന്നത്.