കോഹിനൂരിലെ ദേശീയപാത; നടപ്പാലമെങ്കിലും കിട്ടാൻ യൂണിവേഴ്സിറ്റി കനിയണം
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ എൻഎച്ചിൽ ആറുവരിപ്പാത തുറന്നതോടെ റോഡു മുറിച്ച് കടക്കാനുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എൻഎച്ച് അതോറിറ്റി പ്രഖ്യാപിച്ച നടപ്പാലം പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതി നടപ്പാകാൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് 5 സെന്റ് സ്ഥലമെങ്കിലും ലഭിക്കണം. 30ന് ചേരുന്ന സിൻഡിക്കറ്റ് യോഗത്തിൽ ഈ വിഷയം പരിഗണനയ്ക്ക് എടുക്കുമെന്നതിലാണ് ഇപ്പോൾ പ്രതീക്ഷ.
ഈ മാസം 2 തവണ മുടങ്ങിയ സിൻഡിക്കറ്റ് യോഗം 30ന് വീണ്ടും ചേരുന്ന സാഹചര്യത്തിൽ അജൻഡ പരിഗണനയ്ക്ക് വരുന്നുണ്ടെന്നതിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷ. നടപ്പാലത്തിലേക്ക് എൻഎച്ചിന് പടിഞ്ഞാറ് വശത്ത് നിന്ന് കയറാനും തിരികെ ഇറങ്ങാനും ക്രമീകരണം ഒരുക്കാനാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ഥലം ആവശ്യപ്പെടുന്നത്. ലിഫ്റ്റ്, എക്സ്കലേറ്റർ സംവിധാനം ഒരുക്കാനും സൗകര്യം വേണം. പാതയോരത്ത് യൂണിവേഴ്സിറ്റിയുടെ പാർപ്പിട സമുച്ചയം കഴിഞ്ഞുള്ള ഭാഗത്ത് സ്ഥലം ലഭ്യമാക്കാനാണ് നീക്കം.
എതിർവശത്ത് സർവീസ് റോഡ് കഴിഞ്ഞ‍് എൻഎച്ച് അതോറിറ്റിയുടെ സ്ഥലം ഉണ്ടെന്നതിനാൽ അവിടെ പ്രശ്നമില്ല. മാർച്ചിൽ എൻഎച്ച് നിർമാണം പൂർത്തിയാകും മുൻപ് കോഹിനൂരിൽ ദേശീയ പാതയ്ക്ക് മീതെ നിശ്ചിത ഉയരത്തിൽ നടപ്പാലം നിർമിച്ചില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ല. യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ഥലം ലഭിച്ചാൽ നടപ്പാലം നിർമിക്കാമെന്ന നിലപാട് എൻഎച്ച് അതോറിറ്റി ആവർത്തിക്കുകയാണ്. നടപ്പാലത്തിന് യൂണിവേഴ്സിറ്റി സ്ഥലം അനുവദിക്കുന്നപക്ഷം പണം ആവശ്യപ്പെടുമോയെന്നത് സിൻഡിക്കറ്റ് യോഗം കഴിഞ്ഞേ അറിയൂ.
എൻഎച്ച് വികസനത്തിന് നേരത്തെ യൂണിവേഴ്സിറ്റി സ്ഥലം അനുവദിച്ചപ്പോൾ എൻഎച്ച് അതോറിറ്റി പണം അനുവദിച്ച് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ, നടപ്പാലത്തിന് സ്ഥലം സൗജന്യമായി ലഭിക്കണമെന്ന നിലപാടിലാണ് എൻഎച്ച് അതോറിറ്റിയുള്ളത്. യൂണിവേഴ്സിറ്റിക്കടുത്ത പൈങ്ങോട്ടൂർമാട്ടിൽ നേരത്തെ പ്രൊജക്ട് ഡയറക്ടർ നടപ്പാലം വാഗ്‌ദാനം ചെയ്തെങ്കിലും പ്രദേശ വാസികൾക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ കഴിയാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.